വേനൽമഴയ്ക്കു പിന്നാലെ പ്രാണിപ്പെരുമഴ, വലഞ്ഞ് ജനം
1422087
Sunday, May 12, 2024 6:34 AM IST
തൃശൂർ: വേനൽച്ചൂടിന് ആശ്വാസം പകർന്നു മഴപെയ്തതോടെ ജില്ലയിലെ പാടശേഖരങ്ങളോടു ചേർന്നുള്ള മേഖലകളിൽ കടുത്ത പ്രാണിശല്യം. കോട്ടെരുമകളും ഈയാംപാറ്റകളുമാണു കഴിഞ്ഞദിവസം രാത്രിയിൽ വൻതോതിൽ പാറിനടന്നത്.
റോഡുകളിലും വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും ഇവയുടെ ശല്യം രൂക്ഷമായിരുന്നു. ഇതുമൂലം വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും രാത്രിയിൽ ലൈറ്റ് ഓണാക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. വെളിച്ചം കണ്ടാൽ ഇവ കൂട്ടത്തോടെ പറന്നടുക്കും.
പുഴയ്ക്കൽ, ചേറ്റുപുഴ, കാഞ്ഞാണി, കണിമംഗലം, ചേനം തുടങ്ങി നഗരാതിർത്തിയോടു ചേർന്നുള്ള പാടശേഖരങ്ങളോടടുത്തുള്ള ജനവാസ, കച്ചവടകേന്ദ്രങ്ങളിൽ കോട്ടെരുമയുടെ ശല്യം രൂക്ഷമായിരുന്നു. പല വ്യാപാരസ്ഥാപനങ്ങളും ലൈറ്റ് ഓഫ് ചെയ്താണു പ്രവർത്തിച്ചത്. ഹോട്ടലുകളിൽ ഇരുട്ടത്തു ഭക്ഷണം വിളന്പേണ്ട അവസ്ഥയായിരുന്നു. എന്നിട്ടും ഭക്ഷണപദാർഥങ്ങളിൽ ഇവ വീണതിനാൽ കഴിക്കാൻ സാധിച്ചിരുന്നില്ല. പ്രാണിശല്യം കാരണം ഭക്ഷണപദാർഥങ്ങൾ വിൽക്കുന്ന ചില സ്ഥാപനങ്ങൾ കഴിഞ്ഞദിവസം രാത്രിയിൽ നേരത്തേ അടച്ചു.
വാഹനഗതാഗതത്തെയും ഇവ സാരമായി ബാധിച്ചു. പാടശേഖരങ്ങൾക്കു സമീപമുള്ള റോഡുകളിലൂടെ പോകുന്പോൾ ഇവ കൂട്ടത്തോടെ പാറിനടക്കുന്നതു കാഴ്ച മറച്ചു. ബസ് അടക്കമുള്ള വാഹനങ്ങളുടെ വിൻഡോകളിലൂടെ അകത്തേക്കു കടന്നു യാത്രക്കാരുടെ കണ്ണിലും മൂക്കിലും ചെവിയിലും കയറി.
ഇരുചക്രവാഹന യാത്രികരെയാണു പ്രാണിശല്യം കൂടുതൽ വലച്ചത്. ഹെൽമറ്റ് ധരിച്ചാണു യാത്രയെങ്കിലും അതിനുള്ളിലൂടെയും പ്രാണികൾ മുഖത്തേക്ക് അരിച്ചുകയറി. പലരും കുറേസമയം റോഡരികിൽ വാഹനങ്ങൾ നിർത്തിയിട്ടു. തെരുവുവിളക്കിലെ വെളിച്ചത്തിനടുത്തും വൻതോതിൽ പ്രാണികൾ പാറുന്നുണ്ടായിരുന്നു. രാത്രികച്ചവടത്തെയും പ്രാണിശല്യം സാരമായി ബാധിച്ചു.
വീടുകളിൽ ലൈറ്റ് ഓഫ് ചെയ്താണു പ്രാണിശല്യത്തിൽനിന്നു രക്ഷതേടിയത്. രാവിലെ പല വീടുകളുടെയും മുറ്റത്തും വീടിനകത്തും പ്രാണികൾ കൂട്ടത്തോടെ അരിച്ചുനടന്നു. വീടുകൾക്കുള്ളിൽ ചുമരിന്റെ കോണുകളിലും പാത്രങ്ങളിലും ജനലരികിലുമെല്ലാം ഇവയെ ധാരാളമായി കാണുന്നുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല, കൃഷിയെയും ബാധിക്കില്ല
ദേഹത്ത് അരിച്ചുകയറിയും ഭക്ഷണത്തിൽ വീണുമൊക്കെ ബുദ്ധിമുട്ടുണ്ടാക്കുമെന്നല്ലാതെ കോട്ടെരുമകളും ഈയാംപാറ്റകളും മനുഷ്യരുടെ ആരോഗ്യത്തെ ബാധിക്കുന്നവയല്ല, കൃഷിയെയും ദോഷമായി ബാധിക്കില്ലെന്നു കാർഷിക സർവകലാശാല കീടശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രഫസർ ഡോ. ബെറിൻ പത്രോസ് വ്യക്തമാക്കി.
മുപ്ലി വണ്ട്. ഓട്ടെരുമ, ഓലച്ചാത്തൻ, ഓലപ്രാണി, കരിഞ്ചെള്ള് എന്നീ പേരുകളിലും കോട്ടെരുമകൾ അറിയപ്പെടുന്നു. മണ്ണിൽ വീണുകിടക്കുന്ന കരിയിലകളുടെ അടിയിലാണു കോട്ടെരുമകൾ മുട്ടയിടുന്നത്. ചീഞ്ഞളിഞ്ഞ ഇലകളാണു ഭക്ഷിക്കുക. മണ്ണിൽതന്നെ സമാധിയാകും. മണ്ണിൽനിന്നു പുറത്തിറങ്ങുന്നത് മഴപെയ്യുന്പോഴാണ്. പരന്ന പാത്രത്തിൽ വെള്ളമെടുത്ത് അതിൽ വെളിച്ചം ക്രമീകരിച്ച് ഇവയെ കൂട്ടത്തോടെ ആകർഷിച്ച് തീയിട്ടും മണ്ണെണ്ണ തളിച്ചും നശിപ്പിക്കാനാകും.
സ്വന്തം ലേഖകൻ