വില്വാദ്രിനാഥന്റെ തട്ടകമൊരുങ്ങി: തിരുവില്വാമല താലപ്പൊലി ഇന്ന്
1422086
Sunday, May 12, 2024 6:34 AM IST
തിരുവില്വാമല: മധ്യകേരളത്തിലെ പൂരാഘോഷങ്ങളുടെ കൊട്ടിക്കലാശമായ തിരുവില്വാമല പറക്കോട്ടുകാവ് താലപ്പൊലി ഇന്ന് ആഘോഷിക്കും. മേട മാസത്തിലെ ഒടുവിലത്തെ ഞായറാഴ്ചയായ ഇന്ന് പുലരുന്നതോടെ തിരുവില്വാമലയിലേക്ക് ഉത്സവ പ്രേമികളുടെ ഒഴുക്കാരംഭിക്കും.
ഉത്സവലഹരിയിലായ വില്വാദ്രിനാഥന്റെ തട്ടകം താലപ്പൊലിക്കായി ഒരുങ്ങിക്കഴിഞ്ഞു . ഇന്നലെ വൈകുന്നേരം നടന്ന പൂതൻ കളിയും മൂന്നു ദേശക്കാരുടെ ചമയ പ്രദർശനവും കാണാൻ ആയിരങ്ങളെത്തി.
ഉച്ച കഴിഞ്ഞപ്പോൾ തന്നെ ടൗണിലേക്ക് ജനത്തിരക്ക് വർധിച്ചു. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ നേരത്തെതന്നെ കെട്ടിടങ്ങൾക്ക് മുകളിൽ സ്ഥാനം പിടിച്ചിരുന്നു. നാല് മണിയോടെ പെയ്ത ഇടിയോടു കൂടിയ കനത്ത മഴ പരിപാടികൾ തുടങ്ങാൻ വൈകി. മഴ മാറിയ ശേഷമാണ് പുതൻ കളിയും റോഡ് ഷോയുമെല്ലാം ടൗണിലെത്തിയത്. ദീപപ്രഭയിൽ കുളിച്ചു നിൽക്കുന്ന ബഹുനില പ്പന്തലുകളും ആനകൾക്ക് അണിയാനുള്ള ചമയങ്ങളും ജനം കൗതുകപൂർവം നോക്കിക്കണ്ടു.
വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നാടൻ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും റോഡ് ഷോയുമെല്ലാം താലപ്പൊലി തലേനാളിലെ ആഘോഷ പരിപാടികൾക്ക് കൊഴുപ്പേകി.
ഇന്ന് വൈകുന്നേരം പടിഞ്ഞാറ്റുമുറി,കിഴക്കുമുറി, പാമ്പാടി ദേശക്കാർ ഒരുക്കുന്ന എഴുന്നള്ളിപ്പും നാടൻ കലാപ്രകടനങ്ങളും കരിമരുന്നു പ്രയോഗവും കണ്ടാസ്വദിക്കാൻ എത്തുന്ന പതിനായിരങ്ങളെ കൊണ്ട് വില്വമലയുടെ താഴ്വാരവും താലപ്പൊലി പാറയും തിങ്ങി നിറയും. രാവിലെ 7.30ന് വടക്കേ കൂട്ടാല ദേവി ക്ഷേത്രത്തിൽ നിന്ന് പ്രത്യേകപൂജകൾക്കു ശേഷം പടിഞ്ഞാറ്റുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് ആരംഭിക്കും.
പാമ്പാടിയുടെ എഴുന്നള്ളിപ്പ് ഉച്ചക്ക് മന്ദംക്ഷേത്രത്തിൽ നിന്നും കിഴക്കുമുറി ദേശത്തിന്റെ മല്ലിച്ചിറ അയ്യപ്പൻകാവ് നിന്നുമാണ് എഴുന്നള്ളിപ്പ് തുടങ്ങുക.
പറക്കോട്ടുകാവ് താലപ്പൊലി എഴുന്നള്ളിപ്പിന് 21 ആനകൾ അണിനിരക്കും. മൂന്നു ദേശങ്ങൾക്കും ഏഴ് ആനകൾ വീതമാണ് എഴുന്നള്ളിപ്പിൽ അണിനിരക്കുന്നത്. ഗജവീരൻ ഊക്കൻസ് കുഞ്ചു കിഴക്കു മുറി ദേശത്തിന് വേണ്ടി ഭഗവതിയുടെ കോലമേന്തും. പടിഞ്ഞാറ്റുമുറി ദേശത്തിന് പുതുപ്പള്ളി കേശവനും പാമ്പാടിക്ക് തിരുവമ്പാടി ചന്ദ്രശേഖരനും തിടമ്പ് വഹിക്കും . പകൽ എഴുന്നള്ളിപ്പിനു ശേഷം രാത്രി എട്ടിന് വെടിക്കെട്ട് നടക്കും. പത്തിന് ചെറുതൃക്കോവിൽ പരിസരത്തും പുലർച്ച രണ്ടിനും നാലിനും കരിമരുന്ന് പ്രയോഗം ഉണ്ടാകും.
മഴ മാറിനിൽക്കണമെന്നപ്രാർഥനയുമായി തട്ടകക്കാർ
തിരുവില്വാമല: ദേശക്കാരുടെ പൂരത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ആവേശം തണുപ്പിക്കാതാരിക്കാൻ മഴ മാറി നിൽക്കണമെന്ന പ്രാർഥനയിലാണ് തട്ടകക്കാർ. താലപ്പൊലി തലേനാളിൽ വൈകുന്നേരം പെയ്ത ഇടിയോടു കൂടിയ മഴ പരിപാടികൾക്ക് തടസം നേരിട്ടു.
ഉത്സവത്തിലെ പങ്കാളികളായ പടിഞ്ഞാറ്റുമുറി, കിഴക്കു മുറി, പാമ്പാടി എന്നീ മൂന്നു ദേശങ്ങളിലും താലപ്പൊലിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി.