ചാലക്കുടി എസ്എച്ച് കോളജിന് ഓട്ടോണമസ് പദവി
1422085
Sunday, May 12, 2024 6:34 AM IST
ചാലക്കുടി: സേക്രഡ് ഹാർട്ട് കോളജിനു യുജിസിയുടെ ഓട്ടോണമസ് പദവി ലഭിച്ചു. മികച്ച നാക് അക്രഡിറ്റേഷൻ ലഭിക്കുന്ന കോളജുകൾക്കാണ് ഓട്ടോണമസ് പദവി ലഭിക്കുന്നത്.
വരുന്ന അധ്യയനവർഷംമുതൽ കോളജിനു സ്വന്തമായി പ്രവേശനം നടത്തുവാനും വേഗത്തിൽ ക്ലാസുകൾ ആരംഭിക്കാനും സാധിക്കുന്നതോടൊപ്പം പരീക്ഷാഫലം ഉടനടി പ്രസിദ്ധീകരിക്കാനും കഴിയും. ഇതു വിദ്യാർഥിനികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനും, വേഗത്തിൽ ജോലിയിൽ പ്രവേശിക്കുവാനും അവസരം ഒരുക്കും.
1980-ൽ ചാലക്കുടിയിൽ ഒരു വനിതാ കോളജായി പ്രവർത്തനം ആരംഭിക്കുകയും, ചാലക്കുടിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുകയും ചെയ്യുന്ന കലാലയമാണ് എസ്എച്ച് കോളജ്. പ്രീഡിഗ്രി കലാലയമായി ആരംഭിച്ച്, തുടർന്ന് പുരോഗതിയുടെ പാതയിലൂടെ മുന്നേറി ഇന്ന് ബിരുദാനന്തര ബിരുദങ്ങളും ഗവേഷണ വിഭാഗവുമൊക്കെ അടങ്ങുന്ന കരുത്ത് കോളജ് കൈവരിച്ചിട്ടുണ്ട്. സ്ത്രീശക്തീകരണത്തിനു വലിയ പ്രാധാന്യം നൽകുന്ന കലാലയംകൂടിയാണിത്.
പഠനത്തോടൊപ്പം കലാ, കായികരംഗത്തും വൻ കുതിപ്പാണ് എസ്എച്ച് നടത്തിയത്. കരാട്ടേ, സൈക്ലിംഗ്, സോഫ്റ്റ് ബേസ്ബോൾ, ഡ്രോപ്പ് റോ ബോൾ മത്സര ഇനങ്ങളിൽ ദേശീയ, അന്തർദേശീയതലങ്ങളിൽ വരെ സമ്മാനങ്ങൾ കരസ്ഥമാക്കിയ താരങ്ങൾ കോളജിൽനിന്നുമുണ്ടായി. കലാമത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ നേടി.
വിവിധ വിഷയങ്ങളിൽ ഒന്നാംറാങ്കടക്കം നിരവധി റാങ്കുകളും എസ്എച്ചിനെ തേടിയെത്തി. ടിസിഎസ്, ഐസിഐസിഐ തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ ഐടി, ബാങ്ക് സ്ഥാപനങ്ങളിൽ നിരവധി കുട്ടികൾക്കു പഠനത്തോടുകൂടി ജോലിയും ലഭിക്കുന്നുണ്ട്.
പുതിയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ആരംഭിക്കുന്ന നാലുവർഷ ബിരുദ കോഴ്സുകൾ, മികച്ച ജോലിസാധ്യതയുള്ള വൈവിധ്യമാർന്ന കോഴ്സുകൾ തുടങ്ങാൻ സഹായകരമാകുമെന്നും, വിദ്യാർഥിനികളുടെ നൈപുണ്യവികസനത്തിന് ഉതകുന്നതെല്ലാം ചെയ്യുമെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഐറിൻ അറിയിച്ചു. ഏതൊരു മികച്ച സ്ഥാപനത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളാണ് കലാലയത്തിലുള്ളത്.
കോളജിലെ വിദ്യാർഥിനികൾക്കൊപ്പം പുറമെനിന്നുള്ളവർക്കും പ്രയോജനപ്പെടുത്താവുന്ന പ്രഫഷണൽ കൗൺസലിംഗ്-യോഗാ സെന്റർ, ഓപ്പൺ ജിം, ബാസ്കറ്റ്ബോൾ കോർട്ട് എന്നിവയോടൊപ്പം ഒരു മികച്ച വനിതാ ഫുട്ബോൾ ടീമിനെ വാർത്തെടുക്കാനായി എംപവർ എസ്എച്ച് എന്ന കോളജിന്റെ അഭ്യുദയകാംക്ഷികളുടെ കൂട്ടായ്മ നടത്തുന്ന പ്രവർത്തനങ്ങളും വലിയ ശക്തിയാണ്. 2018-ലെ വെള്ളപ്പൊക്കത്തിൽ സംഭവിച്ച വലിയ നാശനഷ്ടങ്ങളിൽനിന്നും ഉയിർത്തെഴുന്നേറ്റ കലാലയത്തോടൊപ്പം എന്നും കരുതലായി ചാലക്കുടിയിലെ സുമനസുകൾ ഉണ്ടെന്നുള്ളത് അഭിമാനമാണെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. പ്രിൻസി ആന്റോ, സ്റ്റാഫ് സെക്രട്ടറി ഡോ. സന്തോഷ് പോൾ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.