പറമ്പിക്കുളം-ആളിയാർ കരാർ: വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് എംഎൽഎ
1422078
Sunday, May 12, 2024 6:34 AM IST
ചാലക്കുടി: പറമ്പിക്കുളം - ആളിയാർ കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ. കരാർ പ്രകാരം എല്ലാ വർഷവും ഫെബ്രുവരി ഒന്നിന് കേരള ഷോളയാർ നിറയ്ക്കേണ്ടതാണ്. എന്നാൽ 1970ൽ നിലവിൽവന്ന പിഎപികരാറിലെ ഈ വ്യവസ്ഥ പ്രകാരം കഴിഞ്ഞ ഫെബ്രുവരി മാസം ഡാം നിറച്ചിട്ടില്ല.
ഫെബ്രുവരി ഒന്നിനും സെപ്റ്റംബർ ഒന്നിനും ഡാം നിറയ്ക്കണമെന്നാണ് വ്യവസ്ഥയുള്ളത്. കേരളത്തിലെ കാലാവസ്ഥാമാറ്റവും വെള്ളപ്പൊക്ക സാധ്യതയും കണക്കിലെടുത്ത് വ്യവസ്ഥകളിൽ വിശദമായ പഠനംനടത്തി കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരണമെന്നും എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
5,420 ദശലക്ഷം ഘനയടി സംഭരണശേഷിയുള്ള കേരള ഷോളയാറിൽ നിലവിൽ 17 ശതമാനം ജലം മാത്രമാണുള്ളത്. കേരള ഷോളയാറിലെയും പെരിങ്ങൽക്കുത്തിലെയും വൈദ്യുതോത്പാദനത്തിന് ശേഷം പുറത്തുവിടുന്ന ഈ ജലം ചാലക്കുടി പുഴയിലൂടെ തുമ്പൂര്‍മുഴി വിയറില്‍ സംഭരിച്ചാണ് 379 കിലോമീറ്റർ നീളമുള്ള കനാല്‍ ശ്യംഖലയിലൂടെ ജലസേചനം നടത്തുന്നത്.
ഈ കനാലുകളിൽ സുഗമമായ ജലവിതരണം നടക്കണമെങ്കിൽ മെയിൻ കനാലുകളിൽ 150 സെമീ ഉയരത്തിൽ ജലം വേണം. എന്നാൽ മിക്കവാറും സമയങ്ങളിൽ ഇത് 90 സെമീ മാത്രമാണ്. അതുകൊണ്ടുതന്നെ ജലവിതരണം പ്രായോഗികമാകുന്നില്ല.
കനാലുകൾ കടന്നുപോകുന്ന പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളിൽ വേനൽക്കാലത്തെ ജലലഭ്യതയും ഈ കനാലുകളെ ആശ്രയിച്ചാണ്. ആവശ്യത്തിന് ജലം ലഭ്യമല്ലാത്തതിനാൽ കർഷകർ ദുരിതത്തിലാണ്. ഹെക്ടർ കണക്കിനു പ്രദേശത്തെ കൃഷികൾ നാശത്തിന്റെ വക്കിലായി. പ്രതിസന്ധി മുന്നിൽക്കണ്ട് കഴിഞ്ഞ ഫെബ്രുവരി മാസത്തിൽത്തന്നെ മുഖ്യമന്ത്രിക്കും ജലവിഭവ മന്ത്രിക്കും കത്തു നൽകിയിരുന്നെങ്കിലും യാതൊരു നടപടികളും ഉണ്ടായില്ലെന്ന് എംഎൽഎ പറഞ്ഞു.
സർക്കാരിന്റെ കെടുകാര്യസ്ഥതമൂലമുള്ള ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം വേണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചാലക്കുടിയിലെ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിനു മുന്നിൽ നടത്തുന്ന ഉപവാസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സമരത്തിൽ ജനപ്രതിനിധികൾ, പൊതുജനങ്ങൾ, സാമൂഹ്യ- പരിസ്ഥി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
നഗരസഭ ചെയർമാൻ എബി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.