അതിരുവിട്ട അധിക്ഷേപം; കണ്ണൂരിൽ എഡിഎം ജീവനൊടുക്കി
Wednesday, October 16, 2024 2:25 AM IST
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ കണ്ണൂരിൽ എഡിഎമ്മിനെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയായ എഡിഎം കെ. നവീൻ ബാബുവിനെയാണ് (55) പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കണ്ണൂരിൽനിന്നു പത്തനംതിട്ടയിലേക്ക് എഡിഎമ്മിനു സ്ഥലംമാറ്റം ലഭിച്ചിരുന്നു. ഇന്നലെ പത്തനംതിട്ട എഡിഎമ്മായി ചുമതലയേൽക്കാനിരിക്കേയാണ് അപ്രതീക്ഷിത സംഭവം.
തിങ്കളാഴ്ച കണ്ണൂർ കളക്ടറേറ്റിൽ ചേർന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ അദ്ദേഹത്തിനെതിരേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
ജില്ലാ കളക്ടർ അരുൺ കെ. വിജയനെ സാക്ഷിനിർത്തിയാണ് കടുത്ത ആരോപണം ഉന്നയിച്ചത്. യാത്രയയപ്പ് യോഗത്തിൽ കളക്ടറായിരുന്നു ഉദ്ഘാടകൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നില്ല. എഡിഎമ്മിനെ പുകഴ്ത്തി മറ്റ് അതിഥികൾ സംസാരിക്കുന്നതിനിടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലേക്കു കടന്നുവന്നത്.
എഡിഎമ്മിന് ഉപഹാരം നൽകുന്ന ചടങ്ങിനു തൊട്ടുമുന്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദി വിടുകയും ചെയ്തു. വഴിയേ പോകുന്നതിനിടെയാണ് ഇത്തരമൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന ആമുഖത്തോടെയാണ് പി.പി. ദിവ്യ പ്രസംഗം തുടങ്ങിയത്.
ചെങ്ങളായിയിൽ തുടങ്ങാനിരിക്കുന്ന പെട്രോൾ പന്പിന് എഡിഎം എൻഒസി നൽകിയതെങ്ങിനെയെന്നു തനിക്കറിയാമെന്നും അതിന്റെ വിശദാംശങ്ങൾ രണ്ടു ദിവസത്തിനുള്ളിൽ പുറത്തുവരുമെന്നും അവർ ആ യോഗത്തിൽ തുറന്നടിച്ചു.
“കണ്ണൂരിൽ നടത്തിയതുപോലെയുള്ള സഹായം പുതിയതായി പോകുന്ന സ്ഥലത്ത് എഡിഎം നടത്തരുത്. യോഗത്തിൽ ഉപഹാരം നൽകുന്ന ചടങ്ങിൽ എന്റെ സാന്നിധ്യം ഞാൻ ആഗ്രഹിക്കുന്നില്ല. അതു ശരിയല്ലെന്നു ബോധ്യപ്പെട്ടതുകൊണ്ട് പോകുകയാണ്” എന്ന് പറഞ്ഞ് പി.പി. ദിവ്യ ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച രാത്രി കണ്ണൂരിൽനിന്നുള്ള മലബാർ എക്സ്പ്രസിൽ സ്വദേശമായ പത്തനംതിട്ടയിലേക്കു പോകേണ്ടതായിരുന്നു എഡിഎം. യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തിൽ താമസസ്ഥലത്തേക്കു തിരിച്ച എഡിഎം വഴിയിൽ വണ്ടിനിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങിയെന്നാണു ഡ്രൈവർ പറഞ്ഞത്.
വിവരമറിഞ്ഞ് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. അജിത്കുമാർ, എസിപി ടി.കെ. രത്നകുമാർ, കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരി എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി.
അന്വേഷണം വേണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി
പത്തനംതിട്ട: നവീൻ ബാബുവിന്റെ മരണത്തെ സംബന്ധിച്ചു സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. നടന്ന സംഭവങ്ങളെ ഗൗരവമായിട്ടാണ് പാർട്ടി കാണുന്നതെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു.
സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകും. സിപിഎമ്മുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബമായിരുന്നു നവീന്റേതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
എഡിഎമ്മിന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം രാജു ഏബ്രഹാമും ആവശ്യപ്പെട്ടു.