വിശ്വസിക്കാനാകാതെ കുടുംബവും നാട്ടുകാരും
Wednesday, October 16, 2024 2:25 AM IST
പത്തനംതിട്ട: ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം സ്വന്തം നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍. കൈക്കൂലി ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് ജന്മനാടായ മലയാലപ്പുഴ ദേശം.മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ കൃഷ്ണൻ നായരുടെ മകനാണ് നവീൻ ബാബു.
കാരുവേലിൽ കുടുംബം സിപിഎം അനുഭാവികളാണ്. നവീൻ ബാബുവിന്റെ അമ്മ രത്നമ്മ മുന്‍പ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബന്ധുക്കളിൽ ഏറെപ്പേരും സിപിഎം പ്രവർത്തകരും അനുഭാവികളുമൊക്കെയാണ്.
സർക്കാർ സർവീസിലായിരുന്ന നവീൻ ബാബുവും ഇടതു സർവീസ് സംഘടനകളോട് ആഭിമുഖ്യം പുലർത്തിയിരുന്നു.
റവന്യു വകുപ്പിൽ ദീർഘകാലം പത്തനംതിട്ടയിലുണ്ടായിരുന്നു. അന്നെല്ലാം എൻജിഒ യൂണിയനിലും പിന്നീട് ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനിലും അംഗമായിരുന്നു. വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസിൽദാർ എന്നീ തസ്തികകളിൽ പ്രവർത്തിച്ചു.
പ്രമോഷൻ ലഭിച്ചതോടെയാണ് കാസർഗോഡ് എഡിഎമ്മായി പോയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് കണ്ണൂർ എഡിഎമ്മായി. തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ മാതൃജില്ലയിലേക്കു സ്ഥലംമാറ്റം ചോദിച്ചിരുന്നു.
സർവീസിൽ ഏതാനും മാസങ്ങൾ മാത്രം അവശേഷിച്ചിരിക്കേ ഇപ്പോഴാണ് സ്ഥലംമാറ്റം ലഭിച്ചത്. ഭാര്യ മഞ്ജുഷ കോന്നി തഹസീൽദാരാണ്. മക്കളായ നിരഞ്ജന എൻജിനിയറിംഗിനും നിരുപമ പ്ലസ്ടുവിനും പഠിക്കുന്നു.