സ്വകാര്യ സന്ദര്‍ശനമെന്ന എഡിജിപിയുടെ വാദം തള്ളി; ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ
Wednesday, October 16, 2024 2:24 AM IST
തിരുവനന്തപുരം: എഡിജിപി എം.ആര്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വച്ചു.
കൂടിക്കാഴ്ച ദുരൂഹമാണെന്നു സൂചനയുള്ള റിപ്പോര്‍ട്ടില്‍ സ്വകാര്യ സന്ദര്‍ശനമെന്ന എഡിജിപിയുടെ വാദം തള്ളിയിട്ടുണ്ട്. കൂടിക്കാഴ്ച സര്‍വീസ് നേട്ടങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.
മാമി തിരോധാന കേസിലെ അന്വേഷണ മേല്‍നോട്ടത്തില്‍ അജിത്കുമാറിനു വീഴ്ചയുണ്ടായെന്നു പറയുന്ന റിപ്പോര്‍ട്ടില്‍ പക്ഷേ പി.വി. അന്‍വര്‍ ഉന്നയിച്ച മറ്റ് ആരോപണങ്ങള്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇടതു മുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ സബ്മിഷനു മറുപടി പറയവെയാണു മുഖ്യമന്ത്രി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയത്.
ദത്താത്രേയ ഹൊസബാളെയും രാം മാധവിനെയും കണ്ടത് സ്വകാര്യ സൗഹൃദസന്ദര്‍ശനത്തിന്റെ ഭാഗമായാണെന്നാണ് എഡിജിപിയുടെ വിശദീകരണം. എല്ലാ രാഷ്ട്രീയ നേതാക്കളെയും കാണുംപോലെയാണ് ഇതെന്നാണ് എഡിജിപിയുടെ നിലപാട്.
എന്നാല്‍ ഈ വിശദീകരണം തള്ളിയാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യവാഹനത്തില്‍ പോയത് എന്തിനാണെന്ന സംശയം റിപ്പോര്‍ട്ടിലുണ്ട്. അടച്ചിട്ട മുറിയിലുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സാക്ഷികളില്ല. കൂടിക്കാഴ്ചയുടെ ലക്ഷ്യം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ നിയമസഭയുടെ മേശപ്പുറത്ത് വച്ച രണ്ടാം റിപ്പോര്‍ട്ട് അന്‍വറിന്റെ പരാതികളിലെ അന്വേഷണത്തെക്കുറിച്ചുള്ളതാണ്. ഈ റിപ്പോര്‍ട്ടില്‍ മാമി തിരോധാന കേസിന്റെ മേല്‍നോട്ടത്തില്‍ എഡിജിപിക്കു വീഴ്ചയുണ്ടായതായി പറയുന്നു. കോഴിക്കോട് നടന്ന സംഭവത്തില്‍ അന്വേഷണ മേല്‍നോട്ടം മലപ്പുറം എസ്പിക്കു കൈമാറിയത് അനുചിതമായി.
പി. ശശിക്കെതിരായ ആരോപണം അന്വേഷണ പരിധിയില്‍ വന്നിട്ടില്ല. സാമ്പത്തിക ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അന്‍വറിന്റെ ബാക്കി ആരോപണങ്ങള്‍ തെളിവുകളില്ലാതെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, പൂരം കലക്കലിലെ എഡിജിപിയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.
ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകളെ സംബന്ധിച്ച് വസ്തുതാപരമല്ലാത്ത വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനു യാതൊന്നും മറച്ചുവയ്ക്കാനില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. ഇവയിലെ കണ്ടെത്തലുകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപിക്കെതിരേ വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ലഭിച്ച പരാതി സംബന്ധിച്ചും, ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പരാതിയിലും വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജി. സ്പര്‍ജന്‍ കുമാര്‍ ഐപിഎസ്, തോംസണ്‍ ജോസ് ഐപിഎസ്, എ. ഷാനവാസ് ഐപിഎസ്, എസ്പി എസ്. മധുസൂദനന് എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച രണ്ട് റിപ്പോര്‍ട്ടുകളും സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ അഞ്ചിനു സര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു.