വിവാദ പരാമര്‍ശം: പി.പി. ദിവ്യക്കെതിരേ സിപിഎമ്മിലും പ്രതിഷേധം
Wednesday, October 16, 2024 2:24 AM IST
കണ്ണൂർ: എഡിഎം കെ. നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ സിപിഎമ്മിലും പ്രതിഷേധം.
എഡിഎമ്മിനെതിരായി ഉയർന്ന അഴിമതിയാരോപണം സിപിഎം ജില്ലാ നേതൃത്വവുമായി ചർച്ച ചെയ്യാതെ പൊതുവായ ഒരു വേദിയിൽ ഉന്നയിച്ചതിനും അത് ഒരു വ്യക്തിയുടെ ജീവൻ ഹനിക്കുന്നതിലേക്ക് എത്തിയതിനുമെതിരേ സിപിഎമ്മും സിപിഐയും ദിവ്യക്കെതിരേ പ്രതിഷേധം അറിയിച്ചിരുന്നു. ക്ഷണിക്കപ്പെടാത്ത പരിപാടിയിൽ പോയി ഇത്തരം ഒരു പ്രസംഗം നടത്തിയ സംഭവം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അന്വേഷിക്കുന്നുണ്ട്.
എഡിഎമ്മിനെതിരായ അഴിമതിയാരോപണം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇത്തരം ഒരു കാര്യം ജില്ലാ പഞ്ചായത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും ബിനോയ് കുര്യൻ പറഞ്ഞു.
നവീൻ ബാബുവിന്റെ വേർപാടിൽ അനുശോചനം അറിയിച്ച സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശ്യപരമായ വിമര്‍ശനം മാത്രമാണെന്ന് പറയുന്പോഴും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഒഴിവാക്കേണ്ടതായിരുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു. പി.പി. ദിവ്യ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റിയും കുറ്റപ്പെടുത്തി.
ദിവ്യയുടെ ഭർത്താവും പരാതിക്കാരനും മെഡിക്കൽ കോളജിലെ ജീവനക്കാർ
എഡിഎം കൈക്കൂലി വാങ്ങിയെന്നു പറയുന്ന പെട്രോൾ പന്പ് ആരംഭിക്കുന്ന ശ്രീകണ്ഠപുരം നിടുവാലൂർ സ്വദേശി ടി.വി. പ്രശാന്തൻ പരിയാരം ഗവ. മെഡിക്കൽ കോളജിലെ ഇലക്്ട്രിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്നയാളാണ്. ഇതേ മെഡിക്കൽ കോളജിലെ ഇസിഎച്ച് വിഭാഗത്തിലാണ് ദിവ്യയുടെ ഭർത്താവ് അജിത്തും ജോലി ചെയ്യുന്നത്.
ഇങ്ങനെയൊരു പരാതി പുറത്തുവന്നപ്പോൾ മാത്രമാണു പ്രശാന്തൻ ഒരു പെട്രോൾ പന്പിന്റെ ഉടമയാണെന്നു സഹപ്രവർത്തകരും അറിയുന്നത്. ചെങ്ങളായി നിടുവാലൂരിനും ചേരൻമൂലയ്ക്കും ഇടയിലുള്ള 40 സെന്റ് സ്ഥലത്തെ റബർതോട്ടമാണു ബിപിസിഎല്ലിന്റെ പെട്രോൾ പമ്പ് ഔട്ട്ലെറ്റിന് അനുവദിച്ചത്.
സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ഒരു വ്യക്തിക്ക് ഒരു കച്ചവട സ്ഥാപനം നടത്തുന്നതിന് നിയമപരമായി അനുവാദമില്ല.
കൂടാതെ സ്ഥാപനത്തിന്റെ അനുമതിക്കായി കൈക്കൂലി നൽകിയ സാഹചര്യത്തിൽ നിലവിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനും സാധിക്കുമെന്നു പറയുന്നു.