കൈക്കൂലി വാങ്ങിയെന്ന് എഡിഎമ്മിനെതിരേ പരാതി
Wednesday, October 16, 2024 2:24 AM IST
കണ്ണൂർ: ജീവനൊടുക്കിയ എഡിഎമ്മിനെതിരേ കൈക്കൂലി വാങ്ങിയെന്നു പറഞ്ഞ് മുഖ്യമന്ത്രിക്ക് പന്പുടമയുടെ പരാതി. ശ്രീകണ്ഠപുരം നിടുവാലൂർ സ്വദേശി ടി.വി. പ്രശാന്തനാണ് പരാതി നൽകിയത്. നിടുവാലൂരിൽ പെട്രോൾ പന്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എഡിഎമ്മായ നവീൻ ബാബുവിന് അപേക്ഷ നൽകിയിരുന്നു.
എന്നാൽ, നവീൻ ബാബു അനുമതി നൽകാതെ വൈകിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ ആറിന് അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സിലേക്കു വിളിച്ചുവരുത്തി കൈക്കൂലി ആവശ്യപ്പെടുകയും ഒരു ലക്ഷം രൂപ തന്നില്ലെങ്കിൽ അനുമതി നൽകില്ലെന്ന് പറഞ്ഞതായും പരാതിയിൽ പറയുന്നു.
തുടർന്ന് 98,500 രൂപ ക്വാർട്ടേഴ്സിൽ വച്ച് നൽകിയതായും എട്ടിന് അനുമതി ലഭിച്ചതായും പറയുന്നു. ഈ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 10 നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.