വിഴിഞ്ഞം തുറമുഖം: കപ്പലുകളിൽനിന്നു 4.7 കോടി രൂപ സർക്കാരിന് ലഭിച്ചു: വി.എൻ. വാസവൻ
Wednesday, October 16, 2024 12:22 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പ്രവർത്തനമാരംഭിച്ചതിനു ശേഷമെത്തിയ കപ്പലുകളിൽനിന്നു 4.7 കോടി രൂപ നികുതിയിനത്തിൽ സർക്കാരിനു ലഭിച്ചെന്നു മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു.
വിഴിഞ്ഞത്ത് ഇതിനകം 29 കപ്പലുകളാണ് എത്തിയത്. ഇതിൽ 19 കപ്പലുകളിൽനിന്നുള്ള നികുതി വരുമാനമാണു സർക്കാരിനു ലഭിച്ചത്. സെപ്റ്റംബർ 30 വരെയുള്ള കണക്കാണിത്. 50 ശതമാനം തദ്ദേശീയർക്കു വിഴിഞ്ഞം തുറമുഖത്തു തൊഴിലവസരം ലഭിക്കണമെന്നായിരുന്നു നിർദേശം. ഇതിനകം 56 ശതമാനം പേർക്കു തൊഴിൽ ലഭിച്ചുവെന്നാണു കണക്കുകളെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ക്രൂസ് ഷിപ്പിംഗ് പദ്ധതി നടപ്പാക്കാൻ താൽപര്യമുള്ള ഏജൻസികളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.കേരളത്തിൽനിന്നു ഗൾഫ് മേഖലയിലേക്കു യാത്രാക്കപ്പൽ സർവീസ് നടത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
നാലു കന്പനികളാണു മുന്നോട്ടുവന്നത്. ഇതിൽ രണ്ടു കന്പനികളാണു യോഗ്യരായത്. സർവീസ് നടത്താൻ ഉദ്ദേശിക്കുന്ന കപ്പലിന്റെ വിശദാംശങ്ങളടക്കം അന്തിമാനുമതിക്കായി കപ്പൽഗതാഗത ഡയറക്ടർ ജനറലിന് അയയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്.
പരമാവധി ചെലവുകുറച്ച് ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.