എഡിഎമ്മിന്റെ മരണം: സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം, അപലപിച്ച് ഭരണപക്ഷം
Wednesday, October 16, 2024 12:22 AM IST
തിരുവനന്തപുരം: കണ്ണൂരിൽ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ നിയമസഭയിൽ പ്രതിപക്ഷബഹളവും ബഹിഷ്കരണവും.
സാന്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള അടിയന്തരപ്രമേയത്തിൽ സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്കു ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി പറയുന്നതിനിടെ ഇടപെട്ട പ്രതിപക്ഷത്തെ സണ്ണി ജോസഫ് ആണു വിഷയം ഉന്നയിച്ചത്. എന്നാൽ, ഇതേക്കുറിച്ചു സംസാരിക്കാൻ സ്പീക്കർ എ.എൻ. ഷംസീർ അനുവദിച്ചില്ല.
കേരളം വലിയ ഞെട്ടലിൽ ആണെന്നും മന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. താൻ ഇക്കാര്യത്തേക്കുറിച്ചു പറയുന്നുണ്ടെന്നു മന്ത്രി ബാലഗോപാൽ പറഞ്ഞെങ്കിലും അപ്പോഴേക്കും പ്രതിപക്ഷം നടുത്തളത്തിലെത്തി മുദ്രാവാക്യം മുഴക്കിത്തുടങ്ങി.
മന്ത്രി ഈ വിഷയത്തെക്കുറിച്ചു പറയുമെന്നും സീറ്റുകളിലേക്കു മടങ്ങണമെന്നും സ്പീക്കർ നിർദേശിച്ചെങ്കിലും തങ്ങൾ സഭ ബഹിഷ്കരിക്കുകയാണെന്നു പ്രതിപക്ഷനേതാവ് പ്രഖ്യാപിച്ചു.
കണ്ണൂരിലുണ്ടായത് ദൗർഭാഗ്യകരമായ സംഭവം ആണെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി ബാലഗോപാൽ വ്യക്തമാക്കി. പ്രതിപക്ഷാംഗങ്ങൾ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതു കൊണ്ടാണോ ബഹിഷ്കരിച്ചു പോയതെന്ന് അറിയില്ലെന്നു മന്ത്രി പറഞ്ഞു.
സ്വന്തം അടിയന്തരപ്രമേയത്തിന്റെ ചർച്ചയ്ക്കുള്ള മറുപടി പോലും കേൾക്കാതെ പ്രതിപക്ഷം സഭ വിട്ടു പോയത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ അവകാശം ദുരുപയോഗം ചെയ്യുകയാണെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.