കേരളം മികവു കാണിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്നു: കെ.എൻ. ബാലഗോപാൽ
Wednesday, October 16, 2024 12:22 AM IST
തിരുവനന്തപുരം: പതിനഞ്ചാം ധനകമ്മീഷൻ കാലയളവിൽ തദ്ദേശ ഗ്രാന്റ് അനുവദിച്ചപ്പോൾ കേരളം മികവുകാണിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെടുകയാണെന്നു മന്ത്രി കെ.എൻ. ബാലഗോപാൽ.
അടിസ്ഥാനവികസനം, സാമൂഹ്യക്ഷേമം തുടങ്ങിയ കാര്യങ്ങളിൽ മുന്നിൽ വന്ന സംസ്ഥാനം അവിടെ നിൽക്കട്ടെ എന്ന നിലപാടാണു കേന്ദ്രം സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ നിലപാടാണു മാറേണ്ടത്. ഈ ആവശ്യം കേരളം പലതവണ ആവശ്യപ്പെട്ടു.
നിയമസഭ പ്രമേയം പാസാക്കുകയും ഡൽഹിയിൽ സമരം ചെയ്യേണ്ടിവരികയും ചെയ്തു. സംസ്ഥാന ധനമന്ത്രിമാരുടെ ഉച്ചകോടിയും ഇതുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ചു. രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണു കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേരളത്തിന്റെ കടമെടുപ്പു പരിധിയിൽ കൈകടത്തുന്ന കേന്ദ്രം മൂന്നു ശതമാനത്തിനു പകരം ആറുശതമാനമാണു കടമെടുക്കുന്നത്.
കഴിഞ്ഞ ധനകാര്യ കമ്മീഷന്റെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് വിഹിതത്തിൽ ഏറ്റവും നഷ്ടമുണ്ടായതു കേരളത്തിനാണ്. യുപി, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ തുടങ്ങിയ ഇരുപതോളം സംസ്ഥാനങ്ങൾക്കു വിഹിതത്തിൽ വർധനയുണ്ടായി.
പന്ത്രണ്ടാം ധനകമീഷൻ കാലയളവിൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ഗ്രാന്റ് വിഹിതം 4.54 ശതമാനമായിരുന്നു. 2021-26 സാന്പത്തിക വർഷത്തേക്കുള്ള പതിനഞ്ചാം കമ്മീഷൻ കാലയളവിൽ ഇത് 2.68 ശതമാനമായി കുറച്ചു.
സംസ്ഥാന സർക്കാരിനു ലോട്ടറിയിൽനിന്നുള്ള വരുമാനം ആകെ വില്പനയുടെ മൂന്നു ശതമാനത്തിനടുത്താണ്. ജിഎസ്ടി വിഹിതത്തിന്റെ പകുതി കേന്ദ്രം എടുക്കുകയും ചെയ്യുന്നു.
ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകത അടിസ്ഥാനമാക്കിയാകണം ഗ്രാന്റ് അനുവദിക്കേണ്ടത്. ജനാധിപത്യ സംവിധാനത്തെപ്പോലും ബാധിക്കുന്നതാണു കേന്ദ്രത്തിന്റെ ഏകപക്ഷീയ നിലപാടുകളെന്നും മന്ത്രി പറഞ്ഞു.