ശബരിമല: സര്‍ക്കാര്‍ ശ്രമിക്കുന്നത് ബിജെപിക്കു ഇടമുണ്ടാക്കിക്കൊടുക്കാനെന്നു പ്രതിപക്ഷ നേതാവ്
Wednesday, October 16, 2024 12:22 AM IST
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തുന്നതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതു ബിജെപിക്ക് ഇടമുണ്ടാക്കിക്കൊടുക്കാനാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
ശബരിമല വിഷയം നിയമസഭയില്‍ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ചട്ടങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും ലംഘനമാണു സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
സ്പോര്‍ട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് നല്കിയ സബ്മിഷനു കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി മറുപടി നല്‍കിയതാണ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വീകരിച്ച നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നാണ് ദേവസ്വം മന്ത്രി അന്നു മറുപടി നല്‍കിയത്.
പതിനായിരക്കണക്കിനു ഭക്തര്‍ക്കു ദര്‍ശനം കിട്ടാതെ മടങ്ങേണ്ടി വരും. ബിജെപിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്. അല്ലാതെ ആരെങ്കിലും ഇങ്ങനെ ഒരു തീരുമാനം എടുക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കഴിഞ്ഞ തീര്‍ഥാടന കാലത്ത് 90000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗും 15000 പേര്‍ക്ക് സ്പോട്ട് ബുക്കിംഗും നല്‍കിയിട്ടും ദര്‍ശനം കിട്ടാതെ നിരവധി പേരാണ് മാല അഴിച്ച് മടങ്ങിയത്. ഇതൊക്കെ പഠിച്ചിട്ടു വേണ്ടേ മുഖ്യമന്ത്രി യോഗത്തിനു പോകേണ്ടത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതുപോലൊരു തീരുമാനം എടുക്കാന്‍ പാടില്ല. അയല്‍ സംസ്ഥാനങ്ങളിലെ വിദൂര ഗ്രാമങ്ങളില്‍നിന്ന് 41 ദിവസം വ്രതം അനുഷ്ഠിച്ച് മണ്ഡലകാലത്തും മകരവിളക്കിനും എത്തുന്ന പാവങ്ങള്‍ എവിടെയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തേണ്ടത്.
നഗ്നപാദരായി എത്തുന്നവര്‍ക്കു വരെ മടങ്ങിപ്പോകേണ്ട സ്ഥിതിയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി നല്കിയ മറുപടിയിലും വ്യക്തതയില്ല. എല്ലാവര്ക്കും ദര്‍ശനം ഉറപ്പാക്കുമെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് ഓണ്‍ലൈന്‍ ബുക്കിംഗ്? വിഷയം വളാകരുതെന്നു കരുതിയാണ് പ്രതിപക്ഷം സബ്മിഷന് നല്‍കിയത്.
എന്നാല്‍ അന്നും മുഖ്യമന്ത്രി ബലംപിടിച്ചു നിന്നു. കാരണം പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം ഇരുന്പുലക്കയാണല്ലോ. അവ്യക്തത മാറ്റി മുഴുവന്‍ ഭക്തര്‍ക്കും ദര്‍ശനത്തിന് സൗകര്യം ഒരുക്കണം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്ത തെറ്റായ തീരുമാനം തിരുത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.