മുനമ്പം ഉപവാസ സമരം മൂന്നു ദിവസം പിന്നിട്ടു
Wednesday, October 16, 2024 12:22 AM IST
മുനമ്പം: ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തില്‍ നടക്കുന്ന മുനമ്പം കടപ്പുറം നിവാസികളുടെ നിരാഹാര സമരം മൂന്നു ദിവസം പിന്നിട്ടു. ഇന്നലെ ഫിലിപ് ജോസഫ് തയ്യില്‍, ഭാര്യ സന്ധ്യ ഫിലിപ് എന്നിവരാണ് ഉപവാസമിരുന്നത്.
മൂന്നാം ദിനത്തിലെ ഉപവാസസമരം, കടപ്പുറം വേളാങ്കണ്ണിമാതാ പള്ളി വികാരി ഫാ. ആന്റണി സേവ്യര്‍ സമരക്കാരെ ഷാള്‍ അണിയിച്ച് ഉദ്ഘാടനം ചെയ്തു. വൈകുന്നേരം അഞ്ചിന് ഭൂസംരക്ഷണ സമിതി ചെയര്മാന് സെബാസ്റ്റ്യന്‍ പാലക്കല്‍ സമരക്കാര്‍ക്കു നാരങ്ങാനീര് നല്കി ഇന്നലത്തെ ഉപവാസസമരം അവസാനിപ്പിച്ചു.
മൂന്നാം ദിനത്തിലെ ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോട്ടപ്പുറം രൂപത ആസ്ഥാനത്തെയും സാമൂഹ്യ സേവന വിഭാഗമായ കിഡ്സിലെയും വൈദികര്‍, ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിന്റെ എറണാകുളം ജില്ലാ താലൂക്ക് ഭാരവാഹികള്‍ എന്നിവര്‍ എത്തി.
റവന്യൂ അവകാശങ്ങള്‍ തിരിച്ചുകിട്ടുംവരെ ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഭൂസംരക്ഷണ സമിതി ചെയര്മാന് സെബാസ്റ്റ്യന്‍ പാലക്കല്‍ അറിയിച്ചു.