കേന്ദ്രം അടിയന്തരസഹായം അനുവദിക്കണമെന്നു നിയമസഭ
Tuesday, October 15, 2024 2:06 AM IST
തിരുവനന്തപുരം: വയനാട് മേപ്പാടിയിലുണ്ടായ ദുരന്തത്തിൽ അടിയന്തര സാന്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകൾ പൂർണമായും എഴുതിത്തള്ളണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.
പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങൾക്കും നിവേദനം പോലും ഇല്ലാതെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിഗണന കേരളത്തിനു ലഭിച്ചില്ല എന്നതു ഖേദകരമാണെന്നു പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
ദുരന്തബാധിതർ ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും എടുത്ത വായ്പകൾ എഴുതിത്തള്ളുന്ന കാര്യം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ മുൻകൈ എടുത്ത് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗം ചേർന്നിരുന്നു.
ഇക്കാര്യത്തിൽ കാലവിളംബം കൂടാതെ തുടർനടപടികൾ ഉണ്ടാകേണ്ടതുണ്ട്. ദേശീയ ദുരന്തനിവാരണ നിയമപ്രകാരം ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്കു തീവ്രദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ അധികാരമുണ്ട്.
ഈ അധികാരം വിനിയോഗിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് ആണ് സർക്കാരിനുവേണ്ടി പ്രമേയം അവതരിപ്പിച്ചത്.