സര്‍ക്കാരിന്റെ ടാര്‍ഗറ്റ് തികയ്ക്കാന്‍ പോലീസ് റോഡില്‍ ഗുണ്ടായിസം കാട്ടുന്നു: പി.വി. അന്‍വര്‍
Monday, October 14, 2024 5:44 AM IST
കാസര്‍ഗോഡ്: ഏറ്റവും മോശം പോലീസ് ഉദ്യോഗസ്ഥരെ കാസര്‍ഗോട്ടും മലപ്പുറത്തുമാണു നിയമിക്കുന്നതെന്നും ഇവരുടെ കൊള്ളരുതായ്മകള്‍ സഹിക്കാന്‍ തയാറുള്ളവരാണ് ഇവിടുത്തുകാര്‍ എന്നൊരു മുന്വിധിയുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും പി.വി. അന്‍വര്‍ എംഎല്‍എ.
കാസര്‍ഗോട്ട് ജീവനൊടുക്കിയ ഓട്ടോഡ്രൈവര്‍ അബ്ദുള്‍ സത്താറിന്റെ കുടുംബത്തെ കണ്ട ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്താറിനോടു പോലീസ് കാട്ടിയത് ഗുണ്ടായിസമാണ്. കേരളത്തിലുടനീളം ഇതാണു സ്ഥിതി.
പോലീസിന്റെ ഏറ്റവും വലിയ ഇരകളാണ് ഓട്ടോറിക്ഷക്കാരും ബൈക്ക് യാത്രക്കാരും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന ടാര്‍ഗറ്റ് തികയ്ക്കാന്‍ റോഡിലിറങ്ങി ഇവര്‍ക്കു നേരേ ഗുണ്ടായിസം കാണിക്കുകയാണ്. ഒരു ഉദ്യോഗസ്ഥന്റെ അഹങ്കാരവും അക്രമമനോഭാവവുമാണു സത്താറിന്റെ കുടുംബത്തെ അനാഥമാക്കിയത്.
ഇവരെ സഹായിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അതുകൊണ്ട് സത്താറിനു സര്‍ക്കാര്‍ വീടുവച്ചുകൊടുക്കണം. ഇരുചക്രവാഹന യാത്രക്കാരെ കൊള്ളയടിക്കുന്നതിനെതിരെ എല്ലാ ജില്ലകളിലും ടൂവീലര്‍ യാത്രികരുടെ സംഘടന രൂപവത്കരിക്കും. പോലീസിന്റെ ധാര്‍ഷ്ട്യത്തിനെതിരേ ജനങ്ങള്‍ പ്രതികരിക്കണം- അന്‍വര്‍ ആവശ്യപ്പെട്ടു.