മാസപ്പടി കേസിലെ മൊഴിയെടുപ്പ് തെരഞ്ഞെടുപ്പു സ്റ്റണ്ട്; സതീശന്
Monday, October 14, 2024 5:43 AM IST
കൊച്ചി: മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയില്‍നിന്ന് എസ്എഫ്ഐഒ മൊഴിയെടുത്തത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചോദ്യം ചെയ്യല്‍ സ്വാഭാവികമായ നടപടി മാത്രമാണ്. അതിനപ്പുറത്തേക്ക് ഒന്നും നടക്കുന്നില്ല. ചോദ്യം ചെയ്തുവെന്നത് ഗൗരവത്തോടെ അന്വേഷണം നടക്കുന്നുവെന്നതിന്റെ ഭാഗമല്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രഹസനമാണ്. കരുവന്നൂരിലും ഇതു തന്നെയാണ് നടന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഇഡി കരുവന്നൂര്‍ എന്ന വാക്ക് മിണ്ടിയിട്ടില്ല. ഉപതെരഞ്ഞെടുപ്പ് ഉടന്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെയുള്ള തെരഞ്ഞെടുപ്പ് സ്റ്റണ്ടാണിത്. സിപിഎമ്മും ബിജെപിയും നേര്‍ക്കുനേര്‍ എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം.
കരവന്നൂരിലും ഇത് തന്നെ ചെയ്തിട്ടാണ് തൃശൂരില്‍ അഡ്ജസ്റ്റ്മെന്റ് നടത്തിയത്. സിപിഎം-ബിജെപി ബാന്ധവം കേരളത്തിലുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അതിനെ ഇതുകൊണ്ടൊന്നും മറയ്ക്കാനാവില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കാണിച്ച അതേ അഭ്യാസം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കുമെതിരേ ഒരു അന്വേഷണവും നടത്തില്ല. തിരിച്ചും സഹായിച്ചുകൊടുക്കാറുണ്ട്. പിണറായി വിജയന് നന്ദിയുള്ള ആളാണ്. സിപിഎം തിരിച്ചും സഹായിക്കാറുണ്ട്.
കുഴല്‍പ്പണ കേസില്‍ സഹായിച്ചതിനു പിന്നാലെയാണ് സുരേന്ദ്രനെ മഞ്ചേശ്വരം കോഴക്കേസില്‍ സഹായിച്ചത്. ഒരു വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസില്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രോസിക്യൂഷന് കുറ്റപത്രം നല്‍കിയില്ല. ഇക്കാര്യം ജഡ്ജി ഉത്തരവില്‍ എഴുതിവച്ചിട്ടുണ്ട്. രണ്ടു പ്രധാനപ്പെട്ട കേസുകളില്‍നിന്നാണ് സുരേന്ദ്രനെ സര്‍ക്കാര്‍ രക്ഷിച്ചെടുത്തത്. ഹൈക്കോടതിയില്‍ നല്കിയ കേസില്‍ വേറെ അന്വേഷണം നടക്കാതിരിക്കുന്നതിനുവേണ്ടിയാണ് എസ്എഫ്ഐഒ അന്വേഷണം ഉണ്ടെന്നു പറഞ്ഞത്. എല്ലാവരെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് എസ്എഫ്ഐഒ അന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് എഐസിസിയാണ്. സ്ഥാനാര്‍ഥികളെ സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ കൂടിയാലോചന നടത്തുന്നുണ്ട്. എപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയുംപോലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മൂന്നു സീറ്റുകളിലും തെരഞ്ഞെടുപ്പ് നേരിടാന്‍ കോണ്‍ഗ്രസും യുഡിഎഫും സജ്ജമാണ്. എല്ലാവരുമായി ചര്‍ച്ച ചെയ്ത് സ്ഥാനാര്‍ഥികളെ സംബന്ധിച്ച നിര്‍ദേശം എഐസിസിക്ക് നല്‍കും. സ്ഥാനാര്‍ഥികളെ എഐസിസി പ്രഖ്യാപിക്കും.
മദ്രസകളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ അവകാശങ്ങള്‍ ഇല്ലാതാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമത്തെയാണ് ചെറുത്ത് തോല്‍പ്പിക്കേണ്ടത്. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും വി.ഡി. സതീശന് പറഞ്ഞു.