ഓം പ്രകാശിന്റെ ലഹരിപ്പാർട്ടി: താരങ്ങള്‍ക്കെതിരെ തെളിവുകളില്ലെന്ന് പോലീസ്
Monday, October 14, 2024 5:17 AM IST
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് സംഘടിപ്പിച്ച ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ചലച്ചിത്രതാരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും എതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നു സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ.
ഇരുവര്‍ക്കുമെതിരായി പുതിയ വിവരങ്ങള്‍ ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ശാസ്ത്രീയ പരിശോധനാ ഫലം എത്രയും വേഗം ലഭിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയെയും പ്രയാഗ മാര്‍ട്ടിനെയും കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. ഓം പ്രകാശിനെ അറിയില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നുമാണ് ഇരുവരും നല്കിയ മൊഴി. ഇവരുടെ ഫോണ്‍ കോള്‍ വിശദാംശങ്ങളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴികള്‍ രേഖപ്പെടുത്തല്‍ പൂര്‍ത്തിയായതോടെ ലഹരി പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അന്വേഷണം രണ്ടാം ഘട്ടത്തിലേക്കു കടന്നു. കേസില്‍ ഓംപ്രകാശ്, കൂട്ടാളി ഷിഫാസ്, താരങ്ങളെ ഹോട്ടലില്‍ എത്തിച്ച ബിനു ജോസഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.