ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമർശനവുമായി ഇടതു മുന്നണി
Saturday, October 12, 2024 2:12 AM IST
തിരുവനന്തപുരം: ദേശവിരുദ്ധ പരാമർശത്തിൽ മുഖ്യമന്ത്രി നൽകിയ കത്തു പുറത്തുവിട്ടും കടുത്ത പരാമർശങ്ങൾ നടത്തിയും പ്രതികരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമർശനവുമായി ഇടതുമുന്നണിയും ഘടകകക്ഷികളും.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഗവർണർക്കെതിരേ രൂക്ഷവിമർശനമുയർത്തിയതിനു പിന്നാലെ എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണനും രംഗത്തെത്തി.
സിപിഐ സംസ്ഥാന കൗണ്‍സിൽ ഗവർണർക്കെതിരേ പ്രമേയം പാസാക്കി. സംസ്ഥാനത്ത് വീണ്ടുമൊരു ഗവർണർ-സർക്കാർ രാഷ്ട്രീയ പോരിനുള്ള കളമൊരുങ്ങുന്നതിന്റെ സൂചനകളാണു കാണുന്നത്.
ഗവർണർ ഭയപ്പെടുത്തുകയൊന്നും വേണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷമായിരുന്നു പാർട്ടി സെക്രട്ടറിയുടെ പ്രതികരണമുണ്ടായത്.
രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുമെന്ന ഗവർണറുടെ ഭീഷണിപ്പെടുത്തൽ ഇങ്ങോട്ടു വേണ്ട. ഇതിലും വലിയ ഭീഷണി കേരളം കണ്ടതാണ്. ഗവർണർ ഇപ്പോൾ വെറും കെയർടേക്കർ ഗവർണറാണെന്നു പറഞ്ഞ് എം.വി. ഗോവിന്ദൻ പരിഹസിക്കുകയും ചെയ്തു. ഗവർണർ സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ തെറ്റായ പ്രചാരണം നടത്തുകയാണെന്നു എം.വി. ഗോവിന്ദൻ പറഞ്ഞു.
ഗവർണർക്കു ഭരണഘടനയുടെ കാഴ്ചപ്പാടുകളോ കീഴ് വഴക്കങ്ങളോ അറിയില്ലെന്ന് എൽഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. ഗവർണർ അതിരുവിടുന്നു എന്നാണ് സിപിഐ പ്രമേയത്തിൽ പറഞ്ഞത്.
ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്നു താൻ പറഞ്ഞിട്ടില്ലെന്നാണു ഗവർണർക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചത്. എന്നാൽ, ഈ കത്തിൽ വൈരുധ്യമുണ്ടെന്നു ഗവർണർ ചൂണ്ടി ക്കാട്ടി.
ദേശവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്നു പറയുന്ന കത്തിൽ തന്നെ സ്വർണക്കടത്ത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നു പറയുന്നതായും ഗവർണർ കൂട്ടിച്ചേർത്തു. ഇതു തമ്മിൽ വൈരുധ്യമുണ്ട്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗവർണർ എന്ന നിലയിൽ തനിക്ക് രാഷ്ട്രപതിയെ അറിയിക്കേണ്ടതുണ്ട്. ഇത്തരം ചില ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ മുഖ്യമന്ത്രിയോടു വിശദീകരണം തേടി.
27 ദിവസമായിട്ടും മറുപടി ലഭിക്കാതായപ്പോൾ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും രാജ്ഭവനിലേക്കു വിളിപ്പിച്ചപ്പോഴാണ് മുഖ്യമന്ത്രി മറുപടി നൽകുന്നതെന്നു ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുള്ളതുകൊണ്ടാണ് ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്നത്. ഇനി മുതൽ ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്കു വരേണ്ടെന്നും ഗവർണർ പറഞ്ഞു.
ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് അയയ്ക്കാതിരുന്ന മുഖ്യമന്ത്രി അതിന്റെ പ്രത്യാഘാതം അറിയുമെന്നു ഗവർണർ നേരത്തേ പറഞ്ഞിരുന്നു. ദേശവിരുദ്ധ പരാമർശത്തിൽ തനിക്ക് എന്തോ ഒളിക്കാനുണ്ടെന്നു ഗവർണർ അയച്ച കത്തിൽ പരാമർശിച്ചതിൽ മുഖ്യമന്ത്രി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.