വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ജനവാഹകശേഷി പരിശോധിക്കും
Saturday, October 12, 2024 2:12 AM IST
ടി.എ. കൃഷ്ണപ്രസാദ്
തൃശൂർ: വിനോദസഞ്ചാരകേന്ദ്രങ്ങളിലെ ജനവാഹകശേഷി പരിശോധിച്ച് ആവശ്യമെങ്കിൽ സന്ദർശകർക്കു നിയന്ത്രണവും വിലക്കും ഏർപ്പെടുത്താനൊരുങ്ങി കേരള സർക്കാർ. സഞ്ചാരികൾക്കു പ്രിയപ്പെട്ട മേഖലകളിലെ പരിസ്ഥിതി ആഘാതങ്ങൾ ലഘൂകരിച്ച് സന്ദർശകസുരക്ഷ ഉറപ്പുവരുത്തുകയാണു ലക്ഷ്യം.
വയനാട് പോലുള്ള മേഖലകളിലെ ജനവാഹകശേഷി പഠിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നീക്കം. വനം, ടൂറിസം വകുപ്പുകൾ സഹകരിച്ചു പഠനം നടത്താനാണു തീരുമാനം. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, റെസ്പോൺസിബിൾ ടൂറിസം എന്നിവയും പഠനത്തിൽ പങ്കാളികളാകും.
സംസ്ഥാനത്തെ തെരഞ്ഞെടുത്ത 15 ഹിൽ സ്റ്റേഷനുകളിൽ ഈ പഠനം നടത്തും. തിരുവനന്തപുരത്തെ പൊൻമുടി, വയനാട്ടിലെ ചെന്പ്ര, ഇടുക്കിയിലെ മൂന്നാർ, വാഗമൺ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ജനവാഹകശേഷി പരിശോധനയും തുടർനടപടികളും കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കോവളം, വർക്കല, മൂന്നാർ എന്നിവിടങ്ങളിൽ പഠനത്തിന് അടിയന്തരമായി തുടക്കമിടും.
പരിസ്ഥിതി, ജീവജാലങ്ങൾ, ജനസമൂഹം, സ്ഥലസൗകര്യം, അടിസ്ഥാനസൗകര്യങ്ങൾ, സാന്പത്തികം, ലഹരി- നിയമവിരുദ്ധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുക.
ഈ റിപ്പോർട്ടിൽ വിദഗ്ധരുടെ വിശകലനങ്ങൾക്കുശേഷമാണു നിയന്ത്രണങ്ങൾ ആലോചിക്കുക. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ബോധവത്കരണ കാന്പയിനുകൾ, പഠനക്ലാസുകൾ എന്നിവ ആസൂത്രണം ചെയ്യും. നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ ഉണ്ടായേക്കാവുന്ന പ്രതിരോധങ്ങൾ കണക്കിലെടുത്താണിത്.
കഴിഞ്ഞവർഷം സംസ്ഥാനത്ത് 2,18,71,641 ആഭ്യന്തര വിനോദസഞ്ചാരികളും 6,49,057 വിദേശസഞ്ചാരികളും എത്തി. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് എറണാകുളം ജില്ലയിലാണ്, 4,48,730 ആഭ്യന്തര സഞ്ചാരികളും 2,79,904 വിദേശികളും.
കോവളം സ്ഥിതിചെയ്യുന്ന തിരുവനന്തപുരവും മലമ്പ്രദേശങ്ങളായ ഇടുക്കിയും വയനാടും, തൃശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളുമാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്. മറ്റു ജില്ലകളിലും രണ്ടര ലക്ഷത്തിൽ കുറയാതെ ആളുകൾ എത്തുന്നു. ഇതിൽ വിദേശസഞ്ചാരികൾ കൂടുതൽ എത്തുന്നത് എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, ഇടുക്കി, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ്.
ചില പ്രത്യേക ദിവസങ്ങളിൽ ചില വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കൂടുതൽ സഞ്ചാരികൾ എത്തുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിനു പുറമെ പ്രാദേശിക ഉത്സവങ്ങളും രാഷ്ട്രീയ സാംസ്കാരിക പരിപാടികളും പൊതു അവധിദിനങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിപ്പിക്കുന്നു.
ഇതുമൂലം നിശ്ചിത സ്ഥലപരിമിതിയിൽ സഞ്ചാരികൾക്കു വേണ്ടത്ര സുരക്ഷിതത്വം ഒരുക്കുന്നതിലും താമസമുൾപ്പടെയുള്ള സൗകര്യങ്ങൾ ചെയ്തുനല്കുന്നതിലും വീഴ്ചകൾ പറ്റുന്നതായും ഇപ്പോഴേ ആക്ഷേപങ്ങളുണ്ട്.
എറണാകുളം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ തിരക്കാണ് ഇതിനുദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. പുതിയ പഠനം നടത്തി വിശകലനം ചെയ്തു പദ്ധതികൾ ആവിഷ്കരിക്കുന്നതിലൂടെ സുസ്ഥിര വിനോദസഞ്ചാരവികസനം സംസ്ഥാനത്തു നടപ്പാക്കാനാകുമെന്നാണു സർക്കാർ പ്രതീക്ഷിക്കുന്നത്.