ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടി: ഒരു നടികൂടി ഹോട്ടലിലെത്തിയെന്ന് പോലീസ്
Saturday, October 12, 2024 1:48 AM IST
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് കൊച്ചിയില്‍ നടത്തിയ ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത നടന് ശ്രീനാഥ് ഭാസിയും പാര്‍ട്ടിയില്‍ മയക്കുമരുന്ന് എത്തിച്ചെന്ന് പോലീസ് സംശയിക്കുന്ന എളമക്കര സ്വദേശി ബിനു ജോസഫും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പോലീസ് അന്വേഷിക്കും. ബിനുവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണിത്.
ലഹരിക്കേസില്‍ നേരത്തേ അറസ്റ്റിലായിട്ടുള്ള ബിനുവുമായി ശ്രീനാഥ് ഭാസിക്ക് ലഹരി ഇടപാട് ഉണ്ടോയെന്നു പോലീസ് പരിശോധിക്കും. ഓം പ്രകാശിന്റെ ലഹരി പാര്‍ട്ടി നടന്ന ദിവസം ശ്രീനാഥ് ഭാസിയെയും സുഹൃത്തുക്കളെയും ഹോട്ടലിലെത്തിച്ചതു ബിനുവാണ്. ഇരുവരുടെയും സാമ്പത്തിക ഇടപാടുകളും മറ്റു വിവരങ്ങളും ശേഖരിച്ചശേഷം വീണ്ടും ചോദ്യം ചെയ്തേക്കും.
അതിനിടെ, ലഹരി പാര്‍ട്ടി നടന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തിയതായി വിവരമുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണു പോലീസിന് ഈ വിവരം ലഭിച്ചിട്ടുള്ളത്. നടി എത്തിയത് ഓം പ്രകാശും കൂട്ടരും തങ്ങിയ മുറിയിലാണോ എന്നത് പോലീസ് പരിശോധിച്ചുവരികയാണ്. ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ടാണ് എത്തിയതെങ്കില്‍ ഇവരെയും ചോദ്യംചെയ്യും.
ലഹരി ഉപയോഗിക്കാറില്ലെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നുമാണ് ശ്രീനാഥ് ഭാസി കഴിഞ്ഞദിവസം പോലീസിനു നല്‍കിയിട്ടുള്ള മൊഴി. ഇത് അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാല്‍ ഒപ്പം ഹോട്ടലില്‍ എത്തിയ പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്നാണു പ്രയാഗ മൊഴി നല്‍കിയിരിക്കുന്നത്. ലഹരി പാര്‍ട്ടി നടന്ന ഹോട്ടലിലെത്തിയതു സുഹൃത്തുക്കളുടെ നിര്‍ബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാര്‍ട്ടി നടക്കുന്നതായി അറിഞ്ഞിരുന്നില്ലെന്നും പ്രയാഗ പോലീസിനോടു വ്യക്തമാക്കി.
കേസില്‍ ഇതുവരെ ആറു പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.15 പേരുടെ മൊഴികള്‍ ഇനി രേഖപ്പെടുത്താനുണ്ട്.