പറന്പിൽനിന്നു ലഭിച്ച നിധിശേഖരം പുരാവസ്തു വകുപ്പ് ഏറ്റെടുക്കും
Saturday, October 12, 2024 1:48 AM IST
കണ്ണൂർ: ചെങ്ങളായി പരിപ്പായിലെ പറമ്പിൽനിന്ന് കിട്ടിയ നിധിശേഖരം പുരാവസ്തു വകുപ്പ് ഏറ്റെടുത്തേക്കും.
കോഴിക്കോട് പഴശിരാജ ആർക്കിയോളജിക്കൽ മ്യൂസിയം ഓഫീസർ ഇൻ ചാർജ് കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘം നിധിയുടെ പരിശോധന നടത്തി പ്രാധാന്യം ചൂണ്ടിക്കാട്ടി പുരാവസ്തുവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ജൂലൈയിൽ പരിപ്പായി ഗവ. എല്‍പി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബര്‍ത്തോട്ടത്തില്‍നിന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ചെറിയ പാത്രത്തിൽ സൂക്ഷിച്ച നിലയിലുള്ള നിധിശേഖരം ലഭിച്ചത്.
കാശുമാലകൾ, സ്വർണമുത്തുകൾ, ആലി രാജാവിന്റെ നാണയങ്ങൾ, കണ്ണൂർ പണം, സാമൂതിരിയുടെ രണ്ടു വെള്ളിനാണയങ്ങൾ, ഇൻഡോ-ഫ്രഞ്ച് നാണയങ്ങൾ, പുതുച്ചേരി പണം, ജിമിക്കിക്കമ്മൽ, മാലയിൽ ഉപയോഗിക്കുന്ന മുത്തുകൾ എന്നിവയാണ് ശേഖരത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ ഏറ്റവും പ്രധാനം കാശുമാലകളാണ്. ഇറ്റലിയിലെ വെനീഷ്യയിലെ മൂന്ന് ഭരണാധികാരികളുടെ (ഡ്യൂക്കുകൾ) കാലത്ത് നിർമിച്ച വെനീഷ്യൻ ഡക്കറ്റ് എന്ന സ്വർണനാണയങ്ങൾ ഉപയോഗിച്ചാണ് കാശുമാലകൾ നിർമിച്ചതെന്നു കെ. കൃഷ്ണരാജ് പറഞ്ഞു.
നിലവിൽ തളിപ്പറമ്പ് ആർഡിഒ ഓഫിസിലാണ് നിധിശേഖരം സൂക്ഷിച്ചിരിക്കുന്നത്. 1968 ലെ കേരള ട്രഷർ ട്രോബ് ആക്റ്റ് പ്രകാരം നിധിയുടെ വില കളക്ടർ മുഖാന്തം നിശ്ചയിച്ച് നിധി കണ്ടെത്തിയ പറമ്പിന്റെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം നൽകും.
വിവിധ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമായതിനാലും പുരാവസ്തു ഗണത്തിൽപെടുന്നതിനാലും നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിധി പുരാവസ്തു വകുപ്പിന് കൈമാറാൻ കളക്ടറോട് ആവശ്യപ്പെടുമെന്ന് പുരാവസ്തു അധികൃതർ അറിയിച്ചു.