ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാതെ നിയമസഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി
Saturday, October 12, 2024 1:48 AM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന ആരോപണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ വാക്കൗട്ട്.
വേട്ടക്കാരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സർക്കാർ ഒളിച്ചുകളിക്കുന്നതെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തുനിന്ന് കെ.കെ. രമ, ഉമ തോമസ്, മോൻസ് ജോസഫ്, പി. ഉബൈദുള്ള, മാണി സി. കാപ്പൻ, അനൂപ് ജേക്കബ് എന്നിവർ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
എന്നാൽ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയമായതിനാൽ സഭയിൽ ചർച്ച ചെയ്യാനാവില്ലെന്ന് അറിയിച്ച സ്പീക്കർ എ.എൻ. ഷംസീർ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാൻ പോലും അനുവദിച്ചില്ല. ഇത് സർക്കാരിന്റെ നിലപാടല്ല സ്പീക്കറുടെ തീരുമാനമാണെന്നും സ്പീക്കർ വ്യക്തമാക്കി.
നേരത്തേ ഇതേ വിഷയം ചോദ്യമായി നൽകിയപ്പോൾ മറുപടി നൽകിയില്ലെന്നും അതുകൊണ്ടാണ് അടിയന്തര പ്രമേയമായി പ്രതിപക്ഷം വിഷയം സഭയിൽ കൊണ്ടുവന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞെങ്കിലും വാക്കൗട്ട് പ്രസംഗം പോലും അനുവദിക്കാനാവില്ലെന്ന് സ്പീക്കർ അറിയിച്ചു.
ഇതേത്തുടർന്ന് ആരെ സഹായിക്കാനാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താത്തത് എന്ന ചോദ്യമുന്നയിച്ച പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
തുടർന്ന് നിയമസഭാ മീഡിയാറൂമിൽ നടത്തിയ പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാക്കൾ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ചു. റിപ്പോർട്ട് ഒളിച്ചുവച്ചതിലൂടെ മന്ത്രിമാരും ഉദ്യോഗസ്ഥരും ക്രിമിനൽ കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
റിപ്പോർട്ട് സംബന്ധിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ചോദിച്ചപ്പോൾ വേറെ ഏതെങ്കിലും രീതിയിൽ കൊണ്ടുവരണമെന്ന് സ്പീക്കർ തന്നെയാണ് നിർദേശിച്ചത്. അടിയന്തര പ്രമേയ നോട്ടീസിനു പോലും അനുമതി നൽകാത്ത സ്പീക്കറുടെ തീരുമാനം കീഴ്വഴക്കത്തിന് വിരുദ്ധമാണ്.
സ്ത്രീകളെ ഗൗരവതരമായി ബാധിക്കുന്ന വിഷയം നിയമസഭയിൽ അല്ലാതെ എവിടെയാണ് ചർച്ച ചെയ്യേണ്ടത്. നിയമസഭ കൗരവസഭയായി മാറുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാരിന് എന്തൊക്കയോ മറച്ചുവയ്ക്കാനുണ്ടെന്നും അതുകൊണ്ടാണ് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളിൽനിന്ന് നിരന്തരം ഒഴിഞ്ഞുമാറുന്നതെന്നും ഡോ. എം.കെ. മുനീർ പറഞ്ഞു.
ഇരകളുടെ പേര് പറഞ്ഞ് വേട്ടക്കാർക്ക് തണലൊരുക്കുന്ന നാണക്കേടിന്റെ പേരാണ് എൽഡിഎഫ് സർക്കാരെന്ന് കെ.കെ. രമ പറഞ്ഞു. സിനിമാ മേഖലയിലെ സ്ത്രീകളെയാകെ സർക്കാർ പച്ചയ്ക്ക് പറ്റിക്കുകയാണ്. സ്ത്രീകളോട് തികഞ്ഞ വഞ്ചന കാട്ടിയ സർക്കാരാണിതെന്നും രമ കൂട്ടിച്ചേർത്തു.