വയനാടിന് കേന്ദ്രസഹായം വൈകരുത്: ഹൈക്കോടതി
Friday, October 11, 2024 3:01 AM IST
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട സഹായം വൈകരുതെന്ന് കേന്ദ്രസർക്കാരിനോടു ഹൈക്കോടതി.
സഹായം വൈകുന്നത് പുനരധിവാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
ദേശീയ ദുരന്തനിവാരണ നിധിയില്‍നിന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നുമുള്ള ഫണ്ട് എപ്പോള്‍ നല്കാനാകുമെന്നതടക്കം കാര്യങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞതവണ ഹര്‍ജി പരിഗണിക്കവേ കോടതി നിര്‍ദേശിച്ചിരുന്നു. കേന്ദ്രസഹായവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് 18ന് സമര്‍പ്പിക്കാമെന്നു കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
ദുരന്തബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളുന്ന കാര്യത്തിലും ഉടനടി തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു. വയനാട്ടില്‍ നടക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു ദോഷകരമാകാത്ത വിധത്തില്‍ വാര്‍ത്തകള്‍ നല്കാന് മാധ്യമപ്രവര്‍ത്തകര്‍ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
പുനരധിവാസ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയാണെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മാധ്യമങ്ങള്‍ പരിധി വിടുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ ആരോപണം. ദുരന്തനിവാരണത്തിന് സര്‍ക്കാര്‍ തയാറാക്കിയ എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുകയെന്ന മട്ടില്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.
ദുരിതാശ്വാസപ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ക്കു നിയന്ത്രണം വേണമെന്നതടക്കം ആവശ്യങ്ങളും സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഉന്നയിച്ചു.
അതേസമയം, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ക്കുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാകില്ലെന്നു കോടതി വ്യക്തമാക്കി. ഭരണഘടനയുടെ അനുച്ഛേദം 19(2) ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യം അവര്‍ വിനിയോഗിക്കട്ടെ. വിമര്‍ശനങ്ങള്‍ കാര്യമാക്കാതെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോടതി പറഞ്ഞു.
പുനരധിവാസ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിവരികയാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. അര്‍ഹമായ ഭൂരിഭാഗം അപേക്ഷകളിലും തീരുമാനമെടുത്തു. അര്‍ഹതയില്ലാത്തവരെ അക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ട്.
പുനരധിവാസത്തിനായി തെരഞ്ഞെടുത്ത രണ്ടു മേഖലകളുടെ വിശദാംശങ്ങളും സര്‍ക്കാര്‍ നല്കി. പുനരധിവാസ മേഖലകളില്‍ പരിസ്ഥിതിയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു.