കാത്തുസൂക്ഷിച്ച ഓണം ബംപർ കർണാടക സ്വദേശിക്ക്
Friday, October 11, 2024 3:01 AM IST
കൽപ്പറ്റ: കേരളം കാത്തിരുന്ന ഇത്തവണത്തെ 25 കോടി രൂപയുടെ തിരുവോണം ബംപർ കർണാടക സ്വദേശിക്ക്. കർണാടക മൈസൂരു പാണ്ഡ്യപുര സ്വദേശിയായ അൽത്താഫിനെയാണു ഭാഗ്യം തുണച്ചത്. പാണ്ഡ്യപുരയിൽ മെക്കാനിക്കാണ് അൽത്താഫ്.
കഴിഞ്ഞ മാസം ബത്തേരിയിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അൽത്താഫ് ബത്തേരി എൻജിആർ ലോട്ടറി ഏജൻസിയിൽനിന്ന് ഭാഗ്യക്കുറി എടുത്ത്. 15 വർഷമായി ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും ആദ്യമായാണു വലിയ സമ്മാനം ലഭിക്കുന്നത്.
അൽത്താഫ് ഭാഗ്യടിക്കറ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൽപ്പറ്റ ബ്രാഞ്ചിൽ നിക്ഷേപിച്ചു. വയനാട്ടിൽനിന്നു ലഭിച്ച ഭാഗ്യടിക്കറ്റ് വയനാട്ടിലെ ബാങ്ക് ലോക്കറിൽതന്നെ സൂക്ഷിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
പൂച്ചെണ്ട് നൽകി അൽത്താഫിനെ ബാങ്ക് മാനേജർ മിഥുൻ സ്വീകരിച്ചു. ബാങ്ക് അക്കൗണ്ട് തുറക്കുകയും ഭാഗ്യക്കുറി നിക്ഷേപിക്കുകയും ചെയ്തു.
""ഞാനും കുടുംബവും ഒരുമിച്ചിരുന്നാണു നറുക്കെടുപ്പിന്റെ തത്സമയ സംപ്രേഷണം കണ്ടത്. ടെലിവിഷനിൽ എഴുതിക്കാണിക്കുന്ന ടിക്കറ്റ് നന്പറും എന്റെ കൈയിലുള്ള നന്പറും പലതവണ ഒത്തുനോക്കി സമ്മാനം ലഭിച്ചത് എനിക്കാണെന്ന് ഉറപ്പുവരുത്തി.
കഷ്ടപ്പെട്ടു ജീവിച്ച എനിക്ക് ദൈവം തന്ന സമ്മാനമാണ് 25 കോടി. വാടകവീട്ടിലാണു താമസിക്കുന്നത്. ചെറിയൊരു വീട് വയ്ക്കണം, മകളുടെ വിവാഹം നടത്തണം, ഒരു വാഹനവും സ്വന്തമായി ഒരു കടയും തുടങ്ങണമെന്നാണ് ആഗ്രഹ''- അൽത്താഫ് പറഞ്ഞു.
ഭാഗ്യക്കുറി വാങ്ങിയ ഏജൻസിയിൽ എത്തി മധുരം പങ്കുവച്ചാണ് അൽത്താഫും കുടുംബവും കർണാടകയിലേക്ക് മടങ്ങിയത്.