ഉരുൾപൊട്ടൽ: ദുരിതാശ്വാസ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി കെസിബിസി
Friday, October 11, 2024 3:01 AM IST
കാഞ്ഞിരപ്പള്ളി: മുണ്ടക്കൈ, ചൂരല്‍മല, വിലങ്ങാട് എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തബാധിതര്‍ക്കായി കേരള കത്തോലിക്കാ മെത്രാന് സമിതിയുടെയും ദീപികയുടെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങൾ വിലയിരുത്തുകയും ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കുകയും ചെയ്തു.
കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററിലാണു യോഗം ചേര്‍ന്നത്. നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അവതരിപ്പിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ആരംഭിച്ച ഓഫീസിലൂടെ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.
കാരിത്താസ് ഇന്ത്യ ഉള്‍പ്പെടെ യുള്ള വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ 925 ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് 9,500 രൂപ വീതം ലഭ്യമാക്കി. കൂടാതെ ജീവനോപാധികള്‍ പുനഃസ്ഥാപിക്കുന്നതിനായി പ്രാദേശിക സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിലൂടെ ഒരു കോടി രൂപ വീതം ലക്ഷ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി.
സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ച് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുമായും സര്‍ക്കാരിന്റെ ദുരന്തനിവാരണ വിഭാഗവുമായും 15നു ചര്‍ച്ചകള്‍ നടത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു.
കെസിബിസിയുടെ പോസ്റ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗങ്ങളായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, ഫാ. തോമസ് തറയില്‍, എന്നിവരും കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഫാ. ജോണി പുതുക്കാട്ട്, ഫാ. വര്‍ഗീസ് കിഴക്കേക്കര, ഫാ. സീജന്‍ മനുവേലിപറമ്പില്, ഫാ. ബിനീഷ് കാഞ്ഞിരത്തിങ്കല്‍, ഫാ. അഗസ്റ്റിന് മേച്ചേരി എന്നിവർ പങ്കെടുത്തു.