ഉച്ചഭക്ഷണത്തിന്റെ തുക മൂൻകൂറായി നൽകുന്ന കാര്യം ആലോചിക്കും: മന്ത്രി വി. ശിവൻകുട്ടി
Friday, October 11, 2024 3:01 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ തുക മുൻകൂറായി പ്രധാനാധ്യാപകർക്കു നൽകുന്ന കാര്യം ആലോചിക്കുമെന്നു മന്ത്രി വി. ശിവൻകുട്ടി.
26.19 ലക്ഷം വിദ്യാർഥികൾക്കാണു സ്കൂളുകളിൽ പോഷകാഹാരവും ഉച്ചഭക്ഷണവും നൽകുന്നത്. ആഴ്ചയിൽ രണ്ടുദിവസം പാലും മുട്ടയും നൽകുന്നുണ്ട്. ഇതുവരെ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയിട്ടില്ല. കുറച്ചു കടങ്ങൾ ഉണ്ട്. അതെല്ലാംതന്നെ നമ്മുടെ വീടുകളിൽ ഉള്ളതുപോലെയാണ്. പൈസയുള്ളപ്പോൾ കടം തീർക്കാറുമുണ്ടെന്നും മന്ത്രി പറഞ്ഞു.
ബജറ്റിൽ 683 കോടിയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. ഇതിൽ 267 കോടി കേന്ദ്ര വിഹിതമാണ്. അതു വല്ലപ്പോഴുമാണു കേന്ദ്രം നൽകുന്നത്. സ്കൂളുകളിൽ മൂല്യനിർണയം സമഗ്രമാക്കാൻ ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഉപയോഗിക്കും. എഐ സാധ്യത ഉപയോഗപ്പെടുത്തിയുള്ള പഠനസൗകര്യങ്ങൾ ഒരുക്കും. ദേശീയ പരീക്ഷകളിൽ കേരളത്തിലെ കുട്ടികളുടെ മികവു വർധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
‘38,308 പേർക്കു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി തൊഴിൽ നൽകി’
മൂന്നു വർഷത്തിനിടെ ആകെ 38,308 പേർക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചു വഴി തൊഴിൽ നൽകിയെന്നു മന്ത്രി വി. ശിവൻകുട്ടി. സ്വകാര്യ മേഖലകളിൽ എംപ്ലോയബിലിറ്റി സെന്റർ, കരിയർ ഡെവലപ്മെന്റ് സെന്റർ, മോഡൽ കരിയർ സെന്റർ, നിയുക്തി മെഗാ ജോബ് ഫെയർ തുങ്ങിയവ വഴി 46,383 പേർക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.