വയനാട്ടിൽ തകർന്ന വീടുകൾ പുനർനിർമിക്കാനുള്ള ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കും: മന്ത്രി കെ. രാജൻ
Friday, October 11, 2024 3:01 AM IST
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ തകർന്ന 1043 വീടുകൾ പുനർനിർമിക്കാനുള്ള ടെണ്ടർ നടപടികൾ ഡിസംബർ 31-നകം പൂർത്തിയാക്കുമെന്നു മന്ത്രി കെ. രാജൻ.
വീടുനിർമാണത്തിനു സന്നദ്ധരായ സംഘടനകളുടെയും വ്യക്തികളുടെയും യോഗം നിയമസഭാ സമ്മേളനത്തിനു ശേഷം ചേരും. പൊതു ഏജൻസിയെ കണ്ടെത്തി പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്.
ദുരന്തത്തിൽ കേരളത്തിനു ലഭിക്കേണ്ട സഹായത്തിൽ ഈ മാസം 18നു തീരുമാനം അറിയിക്കാൻ ഹൈക്കോടതി കേന്ദ്രത്തോടു നിർദേശിച്ചിട്ടുണ്ട്. അതുവരെ സംസ്ഥാനം കാത്തിരിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അതിനുശേഷം വീണ്ടും കേന്ദ്രത്തെ സമീപിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ നേരത്തേ അറിയുന്നതിനായി പുൽപള്ളിയിൽ റഡാർ സ്റ്റേഷൻ സ്ഥാപിക്കും. ഇതിനു കേന്ദ്രം അംഗീകാരം നൽകിയിട്ടുണ്ട്.