ലഹരിക്കേസ്: ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും പോലീസ് ചോദ്യംചെയ്തു
Friday, October 11, 2024 1:33 AM IST
മരട്: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടന് ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാര്‍ട്ടിനെയും പോലീസ് ചോദ്യംചെയ്തു. ഓംപ്രകാശ് താമസിച്ചിരുന്ന കുണ്ടന്നൂരിലെ ഹോട്ടല്‍മുറിയില്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്ട്ടിന് ഉള്‍പ്പെടെയുള്ളവര്‍ എത്തിയിരുന്നതായുള്ള പോലീസ് കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍.
ഉച്ചയ്ക്ക് 12ഓടെ മരട് സ്റ്റേഷനിലെത്തിയ ശ്രീനാഥ് ഭാസിയെ പോലീസ് നാലര മണിക്കൂറോളം ചോദ്യംചെയ്തു. വൈകുന്നേരം അഞ്ചരയോടെ എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണു നടി പ്രയാഗ മാര്ട്ടിന് ചോദ്യംചെയ്യലിനു ഹാജരായത്.
പ്രയാഗ മാര്‍ട്ടിനെ എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലാണു ചോദ്യംചെയ്തത്. നടനും അഭിഭാഷകനുമായ സാബുമോനും പ്രയാഗയ്ക്കൊപ്പം നിയമസഹായത്തിനായി സ്റ്റേഷനില്‍ എത്തിയിരുന്നു. മൂന്നു മണിക്കൂറോളം പ്രയാഗയെ പോലീസ് ചോദ്യംചെയ്തു.
ഹോട്ടലില്‍ ഓംപ്രകാശിന്റെ മുറിയില്‍ ഒട്ടേറെ സമയം തങ്ങിയിരുന്ന അഭിനേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു.
ഓംപ്രകാശിനെ പരിചയമില്ലെന്ന് ശ്രീനാഥും പ്രയാഗയും
മരട്: ഗുണ്ടാ നേതാവ് ഓംപ്രകാശിനെ മുന്‍പരിചയമില്ലെന്നും യാതൊരു ബന്ധവും തങ്ങള്‍ക്കില്ലെന്നും താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും. ഇന്നലെ രാവിലെ നടന്ന ചോദ്യംചെയ്യലില്‍ ഓംപ്രകാശിനെ മുന്‍പരിചയമില്ലെന്നാണു ശ്രീനാഥ് ഭാസി മൊഴി നല്‍കിയത്.
ലഹരിപാര്‍ട്ടി നടന്നതായി അറിവില്ലെന്നും ലഹരി ഉപയോഗിച്ചിട്ടില്ലെന്നും നടന് പറഞ്ഞു. ഹോട്ടലില്‍ എത്തിയത് ബിനു ജോസഫിന് ഒപ്പമാണെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുണ്ടെന്നും ശ്രീനാഥ് പറഞ്ഞു.
പ്രയാഗ മാര്‍ട്ടിനും, തനിക്ക് ഓം പ്രകാശുമായി ബന്ധമില്ലെന്ന് ചോദ്യംചെയ്യലിനു ഹാജരായശേഷം മാധ്യമങ്ങളോടു പറഞ്ഞു. ഹോട്ടലില്‍ സുഹൃത്തുക്കളെ കാണാനായി പോയതാണ്. ഓംപ്രകാശ് അവിടെയുണ്ടായിരുന്നു.
എന്നാല്‍ വാര്‍ത്ത വന്നതിനുശേഷമാണ് ഓം പ്രകാശിനെ മനസിലായത്. തനിക്ക് ഓംപ്രകാശിനെ പരിചയമില്ല, കണ്ടിട്ടുമില്ല. എല്ലാ കാര്യങ്ങളും പോലീസിനോടു പറഞ്ഞിട്ടുണ്ട്. ലഹരി പാര്‍ട്ടി നടന്നിട്ടുണ്ടോയെന്ന ചോദ്യത്തിന്, ചോദ്യങ്ങള്‍ക്ക് പോലീസിനു മുമ്പില്‍ മാത്രമേ ഉത്തരം പറയാനാകൂ എന്ന് പ്രയാഗ പ്രതികരിച്ചു.