റസ്റ്റ് ഹൗസ് അനുവദിച്ചില്ല; വരാന്തയില്‍ യോഗം നടത്തി പി.വി. അന്‍വര്‍
Friday, October 11, 2024 1:33 AM IST
കളമശേരി: യോഗം ചേരുന്നതിന് റസ്റ്റ് ഹൗസ് അനുവദിക്കാത്തതിനെത്തുടര്‍ന്ന് വരാന്തയില്‍ യോഗം നടത്തി പി.വി. അന്‍വര്‍ എംഎല്‍എ.
ജില്ലയിലെ ആളുകളെ സംഘടിപ്പിക്കുന്നതിനു സ്വകാര്യമായി ചേര്‍ന്ന യോഗമാണു പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിന്റെ വരാന്തയില്‍ നടത്തേണ്ടിവന്നത്. യോഗം ചേരുന്നതിന് അനുമതി തേടി ഈ മാസം എട്ടിന് പിഡബ്ല്യുഡിക്ക് മെയില്‍ അയച്ചിരുന്നു.
അതുപ്രകാരം ഇന്നലെ റസ്റ്റ് ഹൗസില്‍ യോഗം ആരംഭിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു യോഗത്തിന് അനുവാദമില്ലെന്നു പറഞ്ഞ് അധികൃതര്‍ ഇറക്കിവിടുകയായിരുന്നു. തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നു പറഞ്ഞെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പുറത്തുനിന്നു കസേരകള്‍ സംഘടിപ്പിച്ച് റസ്റ്റ് ഹൗസ് വരാന്തയില്‍ യോഗം നടത്തി.
മുസ്ലിം ലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടില്‍, കളമശേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ.എച്ച്. സുബൈര്‍ എന്നിവര്‍ യോഗത്തിനു നേതൃത്വം നല്കി.
നൂറോളം പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു. അനധികൃതമായി റസ്റ്റ് ഹൗസില്‍ അതിക്രമിച്ചു കയറി യോഗം നടത്തിയതിന് കേസെടുക്കുമെന്ന് കളമശേരി പോലീസ് പറഞ്ഞു.
അതേസമയം, യോഗത്തിനു ഹാള്‍ തരാതിരുന്നത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിലാണെന്ന് പി.വി.അന്‍വര്‍ ആരോപിച്ചു. റസ്റ്റ് ഹൗസ് മാനേജര്‍ ഫോണ്‍ ഓഫാക്കി മാറി നില്‍ക്കുകയായിരുന്നു. ഇതു ജനാധിപത്യത്തിന് നിരക്കാത്തതാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു. മോദിയെയും കടത്തിവെട്ടുന്ന ആളാണു പിണറായിയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
18ന് വൈകുന്നേരം നാലിന് എറണാകുളം ടൗണ്‍ ഹാളിലോ കളമശേരി ടൗണ്‍ ഹാളിലോ ജില്ലാ കണ്വന്ഷന് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.