കാറുകളില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കില്ലെന്നു മന്ത്രി
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: കാറുകളില്‍ ചൈല്‍ഡ് സീറ്റ് നിര്‍ബന്ധമാക്കില്ലെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇങ്ങനെ ഒരു കാര്യം നടപ്പാക്കുന്നതിനു സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല.
നിയമത്തിലൂടെ നിര്‍ദേശിച്ചിരിക്കുന്ന കാര്യം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞെന്നേയുള്ളൂ എന്നും ബലം പ്രയോഗിച്ച് നടപ്പാക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ബോധവത്കരണം ആണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉദ്ദേശിച്ചത്. കുറ്റകൃത്യമായി കണ്ട് പിഴ ഇടാക്കില്ല. വിഷയം ചര്‍ച്ചയാകട്ടെ എന്നാണ് കമ്മീഷണര്‍ ഉദ്ദേശിച്ചതെന്നും മന്ത്രി പ്രതികരിച്ചു. 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ പ്രത്യേക സീറ്റ് നിര്‍ബന്ധമാക്കുന്നതായി കഴിഞ്ഞ ദിവസം ഗതാഗത കമ്മീഷണര്‍ അറിയിച്ചിരുന്നു.
ഒന്നു മുതൽ നാല് വയസു വരെയുള്ള കുട്ടികള്‍ക്ക് പിന്‍സീറ്റില്‍ പ്രത്യേക സീറ്റും നാലുമുതൽ 14 വരെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റും നിര്‍ബന്ധമാക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.