പി.കെ. ശശിയെ പ്രസിഡന്റുസ്ഥാനത്തുനിന്നു നീക്കണം: സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്
Thursday, October 10, 2024 2:39 AM IST
പാലക്കാട്: പി.കെ. ശശിയെ സിഐടിയു ജില്ലാ പ്രസിഡന്റുസ്ഥാനത്തുനിന്നു നീക്കണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം.
പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉൾപ്പെടെ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിലാണു തീരുമാനം. പാർട്ടി നടപടി നേരിട്ടയാൾ സ്ഥാനത്തു തുടരുന്നതു ശരിയല്ലെന്നു വിലയിരുത്തിയാണു തീരുമാനം. സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം സംസ്ഥാനനേതൃത്വത്തെ അറിയിക്കും.
നേരത്തേ പി.കെ. ശശിയെ കെടിഡിസി ചെയർമാൻസ്ഥാനത്തുനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനനേതൃത്വത്തിനു കത്തു നൽകുകയും ചെയ്തിരുന്നു. എന്നാൽ സ്ഥാനത്തുനിന്ന് ഒഴിയില്ലെന്ന നിലപാടായിരുന്നു പി.കെ. ശശി സ്വീകരിച്ചത്.
ശശിക്കെതിരേ ശക്തമായ നിലപാടാണ് ജില്ലാ കമ്മിറ്റി സ്വീകരിക്കുന്നത്. ഒരു കമ്യൂണിസ്റ്റ് നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്ത സാന്പത്തികതിരിമറിയും സ്വജനപക്ഷപാത നിലപാടും പി.കെ. ശശി സ്വീകരിച്ചുവെന്നായിരുന്നു ജില്ലാ കമ്മിറ്റിയിൽ ഉയർന്ന പ്രധാന വിമർശനം.
ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയതു ഗുരുതരമായ വീഴ്ചയാണെന്നും ജില്ലാ കമ്മിറ്റി വിലയിരുത്തിയിരുന്നു.