സഹോദരന്മാർ ഷോക്കേറ്റുമരിച്ച സംഭവം: പ്രതി അറസ്റ്റിൽ
Thursday, October 10, 2024 2:39 AM IST
എരുമപ്പെട്ടി(തൃശൂർ): വരവൂർ പിലക്കാട് കാട്ടുപന്നിയെ പിടികൂടുവാനുള്ള വൈദ്യുതി കെണിയിൽനിന്നു ഷോക്കേറ്റ് സഹോദരന്മാർ മരിച്ച സംഭവത്തിൽ ഒരാളെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.
പിലക്കാട് എടത്തിക്കര വീട്ടിൽ സന്തോഷി(52)നെയാണു ഇൻസ്പെക്ടർ ലൈജുമോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനിടയിൽ പ്രതിക്കുനേരെ പ്രതിഷേധമുയർന്നതു സംഘർഷാവസ്ഥ സൃഷ്ടിച്ചു.
കഴിഞ്ഞ ശനിയാഴ്ച രാവിലെ പത്തോടെയാണു സഹോദരന്മാരായ കുണ്ടന്നൂർ ചീരമ്പത്തൂർ വീട്ടിൽ രവീന്ദ്രൻ, സഹോദരൻ അരവിന്ദാക്ഷൻ എന്നിവരെ പാടശേഖരത്തിൽ ഷോക്കേറ്റു മരിച്ചു കിടക്കുന്നനിലയിൽ കണ്ടെത്തിയത്.
പാടശേഖരത്തിൽ പന്നിയെ പിടികൂടുവാൻ നിയമവിരുദ്ധമായി സ്ഥാപിച്ച വൈദ്യുത കമ്പിയിൽനിന്നാണ് ഇവർക്കു ഷോക്കേറ്റത്. തുടർന്നു നടന്ന അന്വേഷണത്തിലാണ് പന്നിവേട്ടയ്ക്കു വൈദ്യുതികെണി സ്ഥാപിച്ചതു പ്രദേശവാസിയായ സന്തോഷാണെന്നു പോലീസ് കണ്ടെത്തിയത്.
മരിച്ചവരുടെ ബന്ധുവായ മണിയെന്നു വിളിക്കുന്ന കൃഷ്ണൻകുട്ടിയുടെ സ്ഥലത്താണ് ഉടമയറിയാതെ ഇയാൾ വൈദ്യുത കെണിയൊരുക്കി പന്നികളെ വേട്ടയാടിയിരുന്നത്. പാടശേഖരത്തിനു സമീപമുള്ള വൈദ്യുത ലൈനിൽനിന്നാണ് ഇയാൾ ഇതിനായി വൈദ്യുതി എടുത്തിരുന്നത്.
രാത്രിയിൽ മീൻ പിടിക്കുവാൻ ഇറങ്ങിയപ്പോഴാണ് സഹോദരൻമാർക്കു ദാരുണാന്ത്യം സംഭവിച്ചത്. പുലർച്ചെ സംഭവസ്ഥലത്തെത്തിയ പ്രതി ഇവർ മരിച്ചുകിടക്കുന്നതുകണ്ട് ഇയാൾ സ്ഥാപിച്ച വൈദ്യുത കമ്പി എടുത്തുമാറ്റിയശേഷം രക്ഷപ്പെടുകയായിരുന്നു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസെടുത്തിരിക്കുന്നത്.