60 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയമാക്കി മാര്‍ സ്ലീവാ മെഡിസിറ്റി
Thursday, October 10, 2024 2:39 AM IST
പാലാ: വൃക്ക ദാനം ചെയ്യുന്നത് മഹത്തരമാണെന്നും വൃക്ക സ്വീകരിച്ചവര്‍ പുതുതലമുറയ്ക്ക് സന്ദേശവാഹകരായി മാറണമെന്നും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ 60 വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്ത്തിയാക്കിയതോടനുബന്ധിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയരായവരെ ഉള്‍പ്പെടുത്തി നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. പുതുതലമുറയുടെ ആഹാരരീതി ആശങ്കയുണ്ടാക്കുന്നതിനാല്‍ ആഹാരരീതിയിലും ഒരു ലോ ആന്‍ഡ് ഓര്‍ഡര്‍ അനിവാര്യമായിരിക്കുകയാണെന്നു സുരേഷ് ഗോപി പറഞ്ഞു.
ഇക്കാര്യത്തില്‍ അംബാസഡര്‍മാരായി പ്രവര്‍ത്തിക്കാന്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയവര്‍ക്ക് സാധിക്കണം. മധ്യകേരളത്തിന്റെ ആരോഗ്യമേഖലയുടെ വികസനത്തിനായി ശ്രദ്ധേയമായ സംഭാവനകള്‍ നല്കാന് മാര്‍ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചതായും കേന്ദ്രസഹമന്ത്രി പറഞ്ഞു.
മാര്‍ സ്ലീവാ മെഡിസിറ്റി സ്ഥാപകന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിന്റെ സ്കോളര്‍ഷിപ് പ്രഖ്യാപനം ചടങ്ങില്‍ മാണി സി. കാപ്പന് എംഎല്‍എ നിര്‍വഹിച്ചു.
ആശുപത്രി മാനേജിംഗ് ഡയറക്്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, നെഫ്രോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മഞ്ജുള രാമചന്ദ്രന്, യൂറോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. വിജയ് രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തില്‍ പങ്കെടുത്തവര്‍ക്കുവേണ്ടി ആരോഗ്യബോധവത്കരണ ചര്‍ച്ചയും നടന്നു.
നെഫ്രോളജി വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. തോമസ് മാത്യു, ഡോ. തരുണ്‍ ലോറന്‍സ്, യൂറോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ആല്വിന് ജോസ്, ചീഫ് ഡയറ്റീഷ്യന് ജെ. ജിജിനു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
നായകനും പ്രതിനായകനും ഒരേ വേദിയില്‍
28 വര്‍ഷങ്ങള്‍ക്കു ശേഷം നായകനും പ്രതിനായകനും ഒരേ വേദിയില്‍. മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ 60 വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ പൂര്ത്തിയായതിനോടനുബന്ധിച്ചു വൃക്കമാറ്റിവയ്ക്കലിനു വിധേയരായവരെ ഉള്‍പ്പെടുത്തി നടത്തിയ സംഗമം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി.
മാര്‍ സ്ലീവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിന്റെ സ്കോളര്‍ഷിപ് പ്രഖ്യാപനം നടത്താന്‍ മാണി സി. കാപ്പന് എംഎല്‍എയും വേദിയിലുണ്ടായിരുന്നു. 1996ല്‍ പുറത്തിറങ്ങിയ യുവതുര്‍ക്കി എന്ന സിനിമയില്‍ നായകനായിരുന്നു കേന്ദ്രമന്തി സുരേഷ് ഗോപി. ഈ സിനിമയിലെ പ്രതിനായക വേഷത്തിലായിരുന്നു അന്ന് മാണി സി. കാപ്പന്. ഇരുവരും പിന്നീട് ജനപ്രതിനിധികളായി. യുവതുര്‍ക്കിയുടെ കാര്യം അവതാരകന് അനൗണ്‍സ് ചെയ്തപ്പോള്‍ ഇരുവര്‍ക്കും നിറഞ്ഞ ചിരി.