റേഷൻ കാർഡ് മസ്റ്ററിംഗ് 25 വരെ നീട്ടി
Thursday, October 10, 2024 2:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻകാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഈ മാസം 25 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ.
ആധാർ നന്പർ പരസ്പരം മാറിപ്പോയതും എന്നാൽ എഇ പിഡിഎസ് അപ്രൂവ് ചെയ്തതുമായ കേസുകൾ പരിഹരിക്കുവാനാവശ്യമായ നടപടികളും സ്വീകരിക്കും. പഠനാവശ്യത്തിനായി ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്നവർക്ക് അതാത് സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങളിൽ മസ്റ്ററിംഗ് നടത്താൻ കഴിയുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചിട്ടുള്ളത്.
മുൻഗണനാപട്ടികയിലുള്ള മുഴുവൻ അംഗങ്ങളുടെയും മസ്റ്ററിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് രണ്ടുമാസത്തെ സമയം ദീർഘിപ്പിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്ത് നൽകുമെന്നും ഇ.കെ. വിജയന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മന്ത്രി അറിയിച്ചു.