മകനെയും ലാലിനെയും കാണാൻ കൊതിച്ചു; ആഗ്രഹം നടക്കാതെ യാത്രയായി
Thursday, October 10, 2024 2:39 AM IST
സന്തോഷ് പ്രിയൻ
കൊല്ലം: മകൻ രാജകൃഷ്ണ മേനോനെയും നടൻ മോഹൻലാലിനെയും അവസാന നാളുകളിൽ കാണാൻ ഏറെ കൊതിച്ചെങ്കിലും ആ ആഗ്രഹം ബാക്കിയാക്കിയാണ് ടി.പി. മാധവൻ എന്ന കലാകാരൻ വിടവാങ്ങിയത്.
ശാരീരികാവശതകളാൽ വീർപ്പുമുട്ടി ഗാന്ധിഭവന്റെ നാലുചുവരുകൾക്കിടയിൽ ഓർമകളിൽ ഊയലാടുന്പോഴും അവർ വരുമെന്ന പ്രതീക്ഷയായിരുന്നു. പ്രേക്ഷകർ ഹൃദയത്തിൽ സൂക്ഷിക്കുന്നതുപോലെ മോഹൻലാലുമായുള്ള നല്ല കുറെ സിനിമകളിലെ രംഗങ്ങൾ ടി.പി. മാധവന്റേയും ഉള്ളിൽ മിന്നിമായുന്നുണ്ടായിരുന്നു. ആ മനസ് തൊട്ടറിഞ്ഞ ഗാന്ധിഭവൻ അധികൃതർ പലവട്ടം മോഹൻലാലിനെയും മകനെയും അറിയിച്ചിരുന്നു.
ഗാന്ധിഭവനിലെ അന്തേവാസിയായതിനുശേഷം സന്ദർശകർ വരുന്പോൾ പണ്ട് അഭിനയിച്ച സിനിമകളിലെ തമാശരംഗങ്ങൾ കുശലാന്വേഷണത്തിനിടെ പങ്കുവയ്ക്കാറുമുണ്ടായിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലെ ടി.പി. വേഷമിട്ട കന്പനി മാനേജര്‍ മോഹൻലാലും ശ്രീനിവാസനും ആയുള്ള ഡയലോഗ് ഇന്നും ആസ്വാദകരുടെ ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ട്.
മോഹൻലാലിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങളായ ദാസനും വിജയനുമായുള്ള സംഭാഷങ്ങൾ മലയാളി ഒരിക്കലും മറക്കില്ല. അതുപോലെ പുലിവാൽ കല്യാണത്തിലെ മണവാളന്റെ അച്ഛൻ, സന്ദേശത്തിലെയും അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിലെയും പോലീസ് സബ് ഇൻസ്പെക്ടർ തുടങ്ങി നിരവധി കഥാപാത്രങ്ങൾ തന്മയത്വത്തോടെ കൈകാര്യം ചെയ്തവയാണ്. ഇതെല്ലാം സന്ദർശകരുമായി പങ്കുവച്ച് രസിച്ചിരുന്ന പതിവുണ്ടായിരുന്നു ടി.പിക്ക്.
നാല്പതാം വയസില്‍ സിനിമാരംഗത്തെത്തിയ അദ്ദേഹം തന്റെ നാലുപതിറ്റാണ്ടുകാലത്തെ സിനിമാജീവിതത്തിനിടയില്‍ അറുനൂറോളം സിനിമകളിലും മുപ്പതിലധികം ടിവി സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.
കുട്ടിക്കാലം മുതല്‍ തന്നെ പാട്ടിലും അഭിനയത്തിലും അതീവ തത്പരനായിരുന്ന ടി.പി. തന്റെ കര്മമേഖലകളായിരുന്ന ബോംബെ, കല്‍ക്കത്ത, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെയെല്ലാം മലയാളിസംഘടനകളിലെ പ്രധാന ആകര്‍ഷണമായിരുന്നു.
അവിടെ നാടകാഭിനയത്തിലും അദ്ദേഹം തിളങ്ങി. കല്‍ക്കട്ടയില്‍വച്ച് യാദൃച്ഛികമായി നടന് മധുവുമായി പരിചയപ്പെട്ടത് ചലച്ചിത്രമേഖലയിലേക്കുള്ള വഴിയൊരുക്കി. നടന് മധു സംവിധാനം ചെയ്ത പ്രിയ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്. പിന്നെ നിരവധി സിനിമകള്‍. 1983ല്‍ ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ആന എന്ന ചിത്രം നിര്‍മിച്ചതും ടിപിയാണ്.