കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ ; അറ്റകുറ്റപ്പണി നടത്തേണ്ടത് കരാറുകാരെന്നു കെടിഡിഎഫ്സി
Thursday, October 10, 2024 1:35 AM IST
കൊച്ചി: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍ അറ്റകുറ്റപ്പണി നടത്തേണ്ടതു കരാറുകാരാണെന്ന് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പറേഷന് ഹൈക്കോടതിയെ അറിയിച്ചു.
കെട്ടിടത്തിന്റെ തകരാര്‍ സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്ന കരാറുകാരന്റെ വാദം തെറ്റാണെന്നും അറ്റകുറ്റപ്പണി നടത്തേണ്ടത് കരാറുകാരാണെന്ന് കരാറില്‍ വ്യക്തമാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഐഐടിയുടെ ഇടക്കാല റിപ്പോര്‍ട്ടടക്കം കരാറുകാരുടെ ശ്രദ്ധയില്പ്പെടുത്തിയതിനുശേഷമാണ് കരാര്‍ ഒപ്പിട്ടതെന്നും കെടിഡിഎഫ്സി വ്യക്തമാക്കിയിട്ടുണ്ട്. അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ലെന്നും കെടിഡിഎഫ്സിയും കെഎസ്ആര്ടിസിയുമാണു നടത്തേണ്ടതെന്ന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് കരാറുകാരായ അലിഫ് ബില്‍ഡേഴ്സ് നല്കിയ ഹര്‍ജിയിലാണ് കെടിഡിഎഫ്സി എതിര് സത്യവാങ്മൂലം നല്‍കിയത്.
2016ല്‍ ടെര്‍മിനൽ നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം നടത്തിപ്പുചുമതല ആദ്യം ഒരു സ്ഥാപനത്തിന് കരാര്‍ നല്‍കുകയായിരുന്നെന്ന് കെടിഡിഎഫ്സിയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. 50 കോടി രൂപ തിരിച്ചുനല്‍കാത്ത സ്ഥിരനിക്ഷേപമായും പ്രതിമാസം 50 ലക്ഷം രൂപ വാടകയായും നല്‍കുമെന്നായിരുന്നു കരാറെങ്കിലും നടപ്പായില്ല. പിന്നീട് 2018ല്‍ ഹര്‍ജിക്കാര്‍ കരാര്‍ ഏറ്റെടുത്തു. 17 കോടി രൂപ തിരിച്ചുനല്കേണ്ടാത്ത സ്ഥിരനിക്ഷേപവും മാസം 43 ലക്ഷം രൂപ വാടകയുമാണു നിശ്ചയിച്ചത്.
മുന്‍ കരാര്‍ സ്ഥാപനത്തിന്റെ പാര്‍ട്ണര്‍ ആയിരുന്ന അബ്ദുള്‍ കലാം ആയിരുന്നു പുതിയ കരാര്‍ സ്ഥാപനത്തിന്റെയും കരാര്‍ പാര്‍ട്ണര്‍. 2018ല്‍ കെട്ടിടത്തിനു വിള്ളലുണ്ടായതിനെത്തുടര്‍ന്ന് മദ്രാസ് ഐഐടി നടത്തിയ പഠനത്തില്‍ ഗുരുതരമായ തകരാറുണ്ടെന്നു കണ്ടെത്തി. ഇതിനു ശേഷമാണ് ടെര്‍മിനല്‍ നടത്തിപ്പ് കരാര്‍ നല്‍കിയതെന്നുമാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്.