കൊട്ടിക്കയറി ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കെട്ടും
Thursday, October 10, 2024 1:35 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: തൃശൂർ പൂരവും ഘടകപൂരങ്ങളും വർണവിസ്മയം തീർത്ത നിയമസഭയിൽ ഇലഞ്ഞിത്തറ മേളം കൊട്ടിക്കയറി വെടിക്കെട്ടിനു തിരികൊളുത്തുകയായിരുന്നു ഇന്നലെ പ്രതിപക്ഷം. എഴുന്നള്ളത്തിലെ ആചാരലംഘനത്തിലൂടെ ഭരണകക്ഷിയിലെ സിപിഐയും കുടമാറ്റത്തിനു തുടക്കമിട്ടതോടെ തൃശൂർ പൂരം മൂന്നു മണിക്കൂറോളം സഭയെ മേളക്കൊഴുപ്പിൽ ആറാടിച്ചു.
ശബ്ദതകരാറിനെ തുടർന്നു വിശ്രമത്തിലായ മേളവിദ്വാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യത്തിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രിമാരുമൊക്കെ കൊട്ടിക്കയറിയത്. ആർഎസ്എസ് ആരോപണങ്ങളുടെ ഘോഷയാത്രയായിരുന്നു സഭാതലത്തിൽ മുഴങ്ങിയത്. തൃശൂരിലെ രണ്ടു മന്ത്രിമാർക്ക് എത്തിച്ചേരാൻ കഴിയാത്ത പൂരപ്പറന്പിൽ ആംബുലൻസിൽ പോലീസ് അകന്പടിയോടെയെത്തിയ ആക്ഷൻ ഹീറോ സുരേഷ് ഗോപിയും സഭയിലെ പൂരക്കാഴ്ചകളിൽ നിറഞ്ഞു. ഒടുവിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കോടെ മൂന്നു മണിക്കൂർ നീണ്ട ‘സഭാ പൂരം’ വിടചൊല്ലി പിരിഞ്ഞു.
തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ടു ജുഡീഷൽ അന്വേഷണം വേണമെന്ന ആവശ്യമായി പ്രതിപക്ഷത്തെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ശൂന്യവേളയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിൽ രണ്ടു മണിക്കൂർ ചർച്ചയ്ക്കു തയാറാണെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. മുൻ ദിവസങ്ങളിലേതു പോലെ ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണിക്കൂർ ചർച്ച. ആർഎസ്എസ് ബന്ധം ആർക്കെന്നായിരുന്നു ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ ഇഴകീറിയുള്ള പരിശോധന.
തൃശൂരിൽനിന്നുള്ള മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവിനും എത്തിച്ചേരാൻ കഴിയാത്ത പൂരസ്ഥലത്ത് ആംബുലൻസിൽ എത്തി ആക്ഷൻ ഹീറോയായി മാറിയ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ക്ലൈമാക്സിലെ എത്തിച്ചേരലാണ് ഒരു വിഭാഗം യുഡിഎഫ് വോട്ടു പോലും ബിജെപിയിലേക്കു മാറാൻ കാരണമായതെന്നായിരുന്നു തിരുവഞ്ചൂരിന്റെ കണ്ടെത്തൽ.
ശിവഗിരി മഠത്തിലും ചെട്ടികുളങ്ങര, മലയാലപ്പുഴ ക്ഷേത്രങ്ങളിലും യുഡിഎഫ് ഭരണകാലത്തു നടത്തിയ പോലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മിലെ കടകംപള്ളി സുരേന്ദ്രൻ പ്രതിരോധ കവചമൊരുക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്താൻ ഏറെ സമയമെടുത്ത കടകംപള്ളി സുരേന്ദ്രൻ, കഴിഞ്ഞ ദിവസങ്ങളിലെ ഹരിയാന, കശ്മീർ ജനവിധികളും പരിശോധിച്ചു. ഹരിയാനയിൽ എന്തുകൊണ്ടു തോറ്റുവെന്ന കടകംപള്ളിയുടെ താത്വിക അവലോകനത്തിൽ പോരാട്ടത്തിന് കോണ്ഗ്രസ് നേതൃത്വം നൽകിയതാണ് പരാജയ കാരണമെന്നായിരുന്നു കണ്ടെത്തൽ. കശ്മീരിൽ കോണ്ഗ്രസ് നേതൃത്വം നൽകാത്തതിനാൽ വിജയം വരിച്ചു.
കേന്ദ്ര ഏജൻസികളുടെ അന്വേഷണം പ്രതികൂലമാകാതിരിക്കാനാണ് പൂരം കലക്കി ബിജെപി സ്ഥാനാർഥിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രിതന്നെ ഗൂഢാലോചന നടത്തിയതെന്നായിരുന്നു കോണ്ഗ്രസിലെ എ.പി. അനിൽകുമാറിന്റെ കണ്ടെത്തൽ.
ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ നടന്ന പൂരം കലക്കൽ ഗൂഢാലോചനയ്ക്ക് ഒത്താശ നൽകിയവരെ കണ്ടെത്തണ സിപിഐ അംഗം പി. ബാലചന്ദ്രന്റെ ആവശ്യം ഭരണപക്ഷ നിരയ്ക്ക് നേരിയ പ്രതിരോധമായി.
മുഖ്യമന്ത്രിയെ പ്രകീർത്തിക്കുന്നതിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ധാർഷ്ട്യക്കാരനാക്കാനും സിപിഎമ്മിലെ കെ. പ്രേംകുമാർ മറന്നില്ല. ഇടത് അംഗങ്ങളായ അഹമ്മദ് ദേവർകോവിലും എം. രാജഗോപാലനുമൊക്കെ പിണറായിയുടെ ചാന്ദ്രശോഭയ്ക്ക് കടകുമണിയുടെ പോറലുപോലുമേൽപ്പിക്കാൻ കഴിയാത്ത പ്രതിപക്ഷ ആരോപണത്തെ നഖശിഖാന്തം എതിർത്തു.
എഡിജിപി എം.ആർ. അജിത്കുമാറിനെ ആർഎസ്എസ്- സിപിഎം ബന്ധത്തിന്റെ ഏജന്റായി പ്രഖ്യാപിച്ച മുസ്ലിം ലീഗിലെ നജീബ് കാന്തപുരം മുഖ്യമന്ത്രിക്കും കെ.ടി. ജലീലിനുമെതിരേ വെടിക്കെട്ട് ഒരുക്കി. പൂരം കലക്കാനുള്ള ഗൂഢാലോചനയിൽ മുഖ്യമന്ത്രി പങ്കാളിയായ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ കീഴിലുള്ള ഏജൻസികളുടെ അന്വേഷണത്തെ വിശ്വസിക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
പൂരത്തിലെ ആചാര ലംഘനവും ഗൂഢാലോചനയും അന്വേഷിക്കണമെന്നു സിപിഐയുടെ മന്ത്രി കെ. രാജനും ആവശ്യമുന്നയിച്ചു. നേരത്തേ പ്രഖ്യാപിച്ച ത്രിതല അന്വേഷണം തന്നെയാണ് മുഖ്യമന്ത്രിക്കുവേണ്ടി മറുപടി നൽകിയ വി.എൻ. വാസവൻ പറഞ്ഞത്. തുടർന്നു പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
രാവിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയേയും എൽഡിഎഫിനേയും വെല്ലുവിളിച്ച ഇടതു സ്വതന്ത്രനായിരുന്ന പി.വി. അൻവറിന്റെ നിയമസഭയിലേക്കുള്ള വരവ്. എൽഡിഎഫ് വിട്ട ശേഷമുള്ള സഭയിലെ ഇരിപ്പിടം തേടിയുള്ള ആദ്യ വരവ്. പ്രതിപക്ഷ ബെഞ്ചിൽ ലീഗ് അംഗങ്ങൾക്കു സമീപമായിരുന്നു സ്വതന്ത്ര അംഗമായ അൻവറിന് ഇരിപ്പിടമൊരുക്കിയത്.
ലീഗ് അംഗങ്ങൾ ഹസ്തദാനം നൽകി അൻവറിനെ സ്വീകരിച്ചു. തുടർന്ന് മുന്പ് ‘അയൽ സീറ്റർമാരായ’ സിപിഎം അംഗങ്ങളായ യു. പ്രതിഭയുടെയും പി.വി. ശ്രീനിജന്റെയും അടുത്തെത്തി കുശലം പറഞ്ഞു ഭരണപക്ഷ നിരയിലേക്ക്.
സ്പീക്കറുടെ നടപടിയെ വിമർശിച്ച പ്രതിപക്ഷ നേതാവിനോടുള്ള, താൻ കന്നി നിയമസഭാംഗമായി എത്തുന്പോൾ സഭാ ചട്ടം പഠിപ്പിച്ചത് വി.ഡി. സതീശനാണെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ മറുപടി സഭയിൽ ചിരി പടർത്തി. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ചട്ടം 118 പ്രകാരമുള്ള കേന്ദ്ര സർക്കാരിനെതിരേയുള്ള പ്രമേയം അവതരിപ്പിക്കാതെ അടുത്ത ദിവസത്തേക്കു മാറ്റി. മുഖ്യമന്ത്രിയാണ് പ്രമേയം അവതരിപ്പിക്കേണ്ടിയിരുന്നത്.
പ്രവാസി കേരളീയരുടെ ക്ഷേമ(ഭേദഗതി) ബിൽ പാസാക്കി സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. 2024ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്ല് സഭ പാസാക്കി.