മുഖ്യമന്ത്രിക്കെതിരേ പരാതി എഴുതിനൽകാൻ അൻവർ തയാറാകുമോയെന്ന് എ.കെ. ബാലൻ
Thursday, October 10, 2024 1:35 AM IST
പാലക്കാട്: പി.വി. അൻവർ എംഎൽഎയ്ക്കെതിരേ സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. മുഖ്യമന്ത്രിക്കെതിരേ പറഞ്ഞാൽ കേന്ദ്രസഹായം കിട്ടുമെന്നാണ് അൻവറിന്റെ പ്രതീക്ഷയെന്ന് എ.കെ. ബാലൻ പരിഹസിച്ചു.
പിണറായി വിജയനെതിരേ ഇങ്ങനെ ആരോപണം ഉന്നയിക്കുന്നത് എന്തോ അസുഖത്തിന്റെ ഭാഗമാണ്. അതിന് ഇവിടത്തെ ചികിത്സ മതിയാകുമെന്നു തോന്നുന്നില്ല. എഴുതി തയാറാക്കിയ പരാതി ഗവർണർക്കോ കോടതിയിലോ നൽകാൻ അൻവറിനു ധൈര്യമുണ്ടോയെന്നും എ.കെ. ബാലൻ വെല്ലുവിളിച്ചു.
പിണറായി വിജയന്റെ മടിയിൽ കനമില്ല എന്നല്ലേ ഈ അന്വേഷണങ്ങൾ തെളിയിക്കുന്നത്. അൻവർ നൽകിയ പരാതിയിൽ അഞ്ച് അന്വേഷണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. അന്വേഷണസംഘത്തിനു മുന്നിൽ ഹാജരാകില്ല എന്നുപറയുന്നത് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അപേക്ഷ നൽകുന്നതുപോലെയാണ്.
അന്വേഷണസംഘത്തിനുമുന്നിൽ പോയാൽ തെളിവുകൾ ഹാജരാക്കേണ്ടിവരും. അടിയന്തരപ്രമേയത്തിൽനിന്നു പ്രതിപക്ഷം ഒഴിഞ്ഞുമാറുന്നത് ചർച്ചചെയ്താൽ ബൂമറാങ് ആകും എന്ന് ഉറപ്പുള്ളതുകൊണ്ടാണ്.
അതുപോലെയാണ് ഇപ്പോൾ അൻവറിന്റെയും ശൈലി. മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ചു പറഞ്ഞതിനു തെളിവുണ്ടോയെന്നു ചോദിച്ച എ.കെ. ബാലൻ, അൻവറിന് ഇപ്പോൾ 10 പേരെ കിട്ടാനില്ലെന്നും കളിയാക്കി.