പീഡന പരാതിക്കു പിന്നില്‍ മുട്ടില്‍ മരംമുറി കേസ് പ്രതികളെന്ന് താനൂര്‍ ഡിവൈഎസ്പി
Thursday, October 10, 2024 1:35 AM IST
കൊച്ചി: തനിക്കെതിരായ പീഡനപരാതിക്കു പിന്നില്‍ മുട്ടില്‍ മരം മുറി കേസിലെ പ്രതികളായ ചാനല്‍ ഉടമകളാണെന്ന് താനൂര്‍ ഡിവൈഎസ്പി വി.വി. ബെന്നി ഹൈക്കോടതിയില്‍.
കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം, സംസ്ഥാന പോലീസ് മേധാവി, മലപ്പുറം ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്കു നല്കിയ പരാതിയുടെ പകര്‍പ്പാണു ഡിവൈഎസ്പി കോടതിയില്‍ സമര്‍പ്പിച്ചത്.
ജില്ലാ പോലീസ് മേധാവിയടക്കമുള്ളവര്‍ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ പോലീസ് കേസെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി പരാതിക്കാരിയായ യുവതി നല്കിയ ഹര്‍ജിയിലാണു ഡിവൈഎസ്പിയുടെ വിശദീകരണം.
റിപ്പോര്‍ട്ടര്‍ ചാനല്‍ ചെയര്മാന് റോജി അഗസ്റ്റിന്, മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്, വൈസ് ചെയര്മാന് ജോസുകുട്ടി അഗസ്റ്റിന് എന്നിവരാണ് പരാതിക്കു പിന്നിലെന്നാണ് വിശദീകരണത്തില്‍ പറയുന്നത്.
മുട്ടില്‍ മരംമുറി കേസില്‍ താന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കേ സഹോദരങ്ങളായ ഇവരെ 2021 ജൂലൈ 28ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 65 ദിവസം ജയിലിലായിരുന്നു. അന്നുമുതല്‍ ഇവര്‍ക്ക് തന്നോടു വിരോധമുണ്ട്. 42 കുറ്റപത്രങ്ങളില്‍ ആറെണ്ണം സുല്‍ത്താന്‍ ബത്തേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
കേസന്വേഷണം അവസാനഘട്ടത്തിലായിരിക്കേ ബാക്കി കുറ്റപത്രം നല്‍കുന്നത് തടയുകയെന്നതാണ് വ്യാജ വാര്‍ത്തയ്ക്കു പിന്നിലെ ലക്ഷ്യം. മൂന്നുപേരും യഥാക്രമം 15, 14, 13 വീതം ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നു വ്യക്തമാക്കുന്ന രേഖകളും കോടതിയില്‍ നല്‍കിയിട്ടുണ്ട്.
സഹോദരങ്ങള്‍ ചാനല്‍ വാങ്ങിയ 2023 മുതല്‍ തനിക്കെതിരായ നീക്കം ശക്തമാണ്. ബലാത്സംഗം സംബന്ധിച്ച വ്യാജവാര്‍ത്ത നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയിട്ടും തയാറായില്ല. മുമ്പ് പരാതിക്കാരി തനിക്കെതിരേ പരാതിയൊന്നും ഉന്നയിച്ചിട്ടില്ല.
ചാനല്‍ ഉടമകള്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് രണ്ടുവര്‍ഷത്തിനുശേഷം യുവതി തനിക്കെതിരേ തിരിഞ്ഞിരിക്കുന്നതെന്ന് സംശയിക്കുന്നു. വ്യാജ ആരോപണം തന്റെ വ്യക്തിജീവിതത്തെയും തൊഴിലിനെയും ബാധിച്ചു.
വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വ്യാജ വാര്‍ത്തകള്‍ തയാറാക്കുന്ന ചാനലിനെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടാണു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനടക്കം പരാതി നല്‍കിയിരിക്കുന്നത്.