സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിന്: മന്ത്രി വാസവൻ
Thursday, October 10, 2024 1:35 AM IST
തിരുവനന്തപുരം: ശബരിമലയിൽ മണ്ഡല-മകരവിളക്ക് കാലത്ത് ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയത് സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനാണെന്നു ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അവതരിപ്പിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തീർഥാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ഒരു ദിവസമെത്തുന്ന തീർഥാടകരുടെ എണ്ണം 80,000 നു മുകളിൽ ആയാൽ തീർഥാടകർക്ക് വേണ്ട അടിസ്ഥാന ആവശ്യങ്ങൾ അപര്യാപ്തമാകും.
ഈ സാഹചര്യത്തിൽ തീർഥാടകർ 80000 എണ്ണത്തിനു മുകളിൽ പോകാതെ ക്രമീകരിക്കേണ്ടത് അനിവാര്യമായി. ഇത് ഉന്നതതലയോഗത്തിൽ ചർച്ച ചെയ്തു തീരുമാനം കൈക്കൊള്ളുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.