മുത്തിയുടെ തണൽതേടി ഭക്തർ, കൊരട്ടി തിരുനാളിനു കൊടിയേറി
Thursday, October 10, 2024 1:35 AM IST
കൊരട്ടി: കേരളത്തിലെ ലൂർദ് എന്നറിയപ്പെടുന്ന കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അദ്ഭുതപ്രവർത്തകയായ കൊരട്ടിമുത്തിയുടെ തിരുനാളിനു കൊടിയേറി.
ചൈതന്യംമുറ്റിയ പള്ളിയങ്കണത്തിൽ മാതൃവാത്സല്യത്തിന്റെ തണൽതേടി തൊഴുകൈകളോടെ പ്രാർഥനാനിരതരായി നിന്ന വിശ്വാസികളുടെ സാന്നിധ്യത്തിലാണു വികാരി ഫാ. ജോൺസൺ കക്കാട്ട് കൊടിയേറ്റിയത്.
വൈകുന്നേരം നാലിനു നടന്ന ജപമാലയ്ക്കും ലദീഞ്ഞിനുംശേഷമായിരുന്നു കൊടിയേറ്റ്. തുടർന്ന് നൂറുകണക്കിനു ഭക്തജനങ്ങൾ പ്രദക്ഷിണമായി ടൗൺ കപ്പേളയിലെത്തി.
വൈകീട്ട് 5.30നു നടന്ന ആഘോഷമായ പാട്ടുകുർബാനയ്ക്കു ഫാ. ഡേവീസ് ചിറയ്ക്കൽ മുഖ്യകാർമികനായി. ഫാ.അസി തൈപ്പറമ്പിൽ വചനസന്ദേശം നൽകി. തുടർന്നു വർണമഴയും രാത്രി പത്തുമണി വരെ ബാൻഡ് മേളവും അരങ്ങേറി.
പതിവുപോലെ ഈ വർഷവും കൊരട്ടി മർച്ചന്റ്സ് അസോസിയേഷനാണ് കപ്പേള തിരുനാൾ ഏറ്റെടുത്തു നടത്തിയത്. ഇന്നു വൈകിട്ട് 6.30ന് മധുര കോട്സ് ഗ്രൗണ്ടിൽ മുവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സിന്റെ ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്.
കൊടിയേറ്റുചടങ്ങിൽ ബെന്നി ബഹനാൻ എംപി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, മുൻ എംഎൽഎ ബി.ഡി. ദേവസി തുടങ്ങിയവർ പങ്കെടുത്തു. അസിസ്റ്റന്റ് വികാരിമാരായ ഫാ. പ്രവീൺ വെള്ളാട്ടുപറമ്പൻ, ഫാ. നിഖിൽ പള്ളിപ്പാട്ട്, ഫാ. പോൾ കല്ലൂക്കാരൻ, ഫാ. ആന്റണി കോടങ്കാടത്ത്, കൈക്കാരന്മാരായ ജോഫി നാൽപ്പാട്ട്, വി.ഡി. ജൂലിയസ്, ജനറൽ കൺവീനർ ജിഷോ ജോസ് എന്നിവർ നേതൃത്വം നൽകി.