ഓണ്‍ലൈൻ തട്ടിപ്പ് നേരിടാൻ സൈബർ പോലീസിനെ സുസജ്ജമാക്കുന്നു
Thursday, October 10, 2024 1:35 AM IST
കോഴിക്കോട്: ഓണ്‍ലൈൻ മുഖേനെയുള്ള തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് സേനയെ സുസജ്ജമാക്കുന്നു.
സൈബർ പോലീസ് ഡിവിഷനു കീഴിൽ ഓണ്‍ലൈൻ തട്ടിപ്പുകൾ തടയാൻ 355 പോലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്.
ക്രിപ്റ്റോ കറൻസി വഴി തട്ടിപ്പു തുക കൈമാറ്റം ചൈയ്യുന്നത് അന്വേഷിക്കാൻ കൊച്ചി സൈബർ ഡോം ആസ്ഥാനമായി ക്രിപ്റ്റോ കറൻസി ഇൻവെസ്റ്റിഗേഷൻ സെന്റർ ആരംഭിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ആർട്ടിഫിഷൽ ഇന്റലിജന്റ്സിന്റെ സഹായത്തോടെ സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ സൈബർ വാൾ പ്രോജക്റ്റുകൾ വികസിപ്പിക്കുന്നതിനു പ്രത്യേക അന്വേഷണസംഘത്തിനു പരിശീലനം നൽകും.
സന്ദേശങ്ങൾ, യുആർഎൽ, ഇമെയിൽ, സോഷ്യൽ മീഡിയ വിവരങ്ങൾ എന്നിവ വ്യാജമാണോ എന്നു പരിശോധിച്ചു പൊതുജനങ്ങളെ സൈബർ തട്ടിപ്പിൽനിന്നു സംരക്ഷിക്കുന്നതിനാണ് ആർട്ടിഫിഷൽ ഇന്റലിജന്റ്സ് അധിഷ്ഠിതമായി പ്രവർത്തിക്കുന്ന സൈബർ വാൾ പ്രോജക്റ്റ് വികസിപ്പിക്കുന്നത്.
സൈബർ സാങ്കേതിക മേഖലയിലെ പുതിയ അറിവുകൾ പകർന്നുനൽകുന്നതിനായി പ്രവർത്തിക്കുന്ന ട്രെയിനിംഗ് ആൻഡ് കപ്പാസിറ്റി ബിൽഡിംഗ് വിഭാഗത്തിനു കീഴിലുള്ള 4,697 പോലീസ് ഉദ്യോഗസ്ഥർക്ക് ഇതിനകം വിവിധ വിഷയങ്ങളിൽ പരിശീലനം നൽകിയിട്ടുണ്ട്.