കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ്; ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും നിർബന്ധമാക്കി
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നു മുതൽ നാല് വയസു വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബൽറ്റും നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റും നിർബന്ധമാക്കുന്നു.
നാലു മുതൽ 14 വയസ് വരെ 135 സെന്റിമീറ്ററിൽ താഴെ ഉയരമുള്ള കുട്ടികൾ കാറുകളിൽ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.
കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാൽ ഡ്രൈവർക്കായിരിക്കും പൂർണ ഉത്തരവാദിത്വം. ഇരുചക്ര വാഹനയാത്രയിൽ കുട്ടികളെ രക്ഷിതാക്കളുമായി ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുന്നത് അപകടം കുറയ്ക്കുമെന്നും ഗതാഗത കമ്മീഷണർ സർക്കാരിന് സമർപ്പിച്ച ശിപാർശയിൽ വ്യക്തമാക്കിയിട്ടുണ്ട്.
നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ, നവംബർ മാസങ്ങളിൽ പ്രചാരണവും മുന്നറിയിപ്പും നൽകും. ഡിസംബർ മുതൽ പിഴ ഈടാക്കും. 1000 രൂപയായിരിക്കും പിഴ. കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും മാറ്റം കൊണ്ടുവരുന്നത്.