പി.വി. അൻവർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: പി.വി. അൻവർ എംഎൽഎ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. പോലീസിനെതിരേയടക്കം താൻ പുറത്തുകൊണ്ടുവന്ന തെളിവുകൾ ഗവർണർക്ക് കൈമാറിയെന്ന് അൻവർ കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചു.
സ്വതന്ത്ര എംഎൽഎ എന്ന നിലയിലാണ് ഗവർണറെ കണ്ടത്. നാട് നേരിടുന്ന ഭീഷണികളിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ ഗവർണറെ അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ഗവർണറെ കണ്ടത്. ഗവർണറോട് എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. താൻ നേരത്തേ ഉന്നയിച്ച കാര്യങ്ങളെല്ലാം ഗവർണറെ ധരിപ്പിച്ചു.
ചില തെളിവുകൾ കൂടി ഗവർണർക്ക് കൈമാറുമെന്നും അൻവർ കൂട്ടിച്ചേർത്തു.
എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ തനിക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും അൻവർ പറഞ്ഞു.
രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത കേരളത്തിലെ എംഎൽഎ ആരാണെന്ന് തനിക്ക് അറിയാമെന്നും ഇടത് പക്ഷം നിഷേധിച്ചാൽ പേര് വെളിപ്പെടുത്തുമെന്നും അൻവർ വ്യക്തമാക്കി.