പരിസ്ഥിതി ലോല മേഖല : അതിർത്തി നിർണയത്തിലെ അപാകത പരിഹരിക്കാൻ നടപടി തുടരും: മുഖ്യമന്ത്രി
Wednesday, October 9, 2024 2:06 AM IST
തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട് അതിർത്തിനിർണയത്തിലെ അപാകത പരിഹരിക്കാൻ നടപടി തുടരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സണ്ണി ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂർത്തീകരിക്കുന്നതിന് അനുസരിച്ച് 8711.98 ചതുരശ്ര കിലോമീറ്റർ എന്നതിൽനിന്നു വിസ്തൃതി കുറയാൻ സാധ്യതയുണ്ട്. സാങ്കേതിക സഹായത്തോടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചും, ജനാഭിപ്രായം കണക്കിലെടുത്തും നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ വിസ്തൃതി നിർണയമായതിനാൽ ഇത് കേന്ദ്ര മന്ത്രാലയം അംഗീകരിക്കുമെന്നാണു കരുതുന്നത്. ഇതിനുള്ള ശ്രമം ശക്തമായി തുടരും.
ഗാഡ്ഗിൽ, കസ്തൂരി രംഗൻ കമ്മിറ്റി റിപ്പോർട്ടുകളിലെ അപാകതകൾ പരിഹരിക്കാൻ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാനായ ഡോ. ഉമ്മൻ വി. ഉമ്മന്റെ നേതൃത്വത്തിലുള്ള മൂന്നംഗ വിദഗ്ധ സമിതിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു.
കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയണ്മെന്റ് സെന്റർ രേഖകൾ പ്രകാരം 123 വില്ലേജുകളിലെ കൃഷിഭൂമിയുടെ വിസ്തീർണമായ 3114.3 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കിക്കൊണ്ട് 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോലമായി നിശ്ചയിക്കണമെന്ന് സമിതി നിർദേശിച്ചു.
ഇതിൽ മാറ്റം വരുത്താൻ കേന്ദ്രം തയാറായിട്ടില്ല. ഭൂവിവരങ്ങൾ വിവിധ സങ്കേതങ്ങൾ വഴി പരിശോധിച്ച് ആവശ്യമായ രേഖകൾ സഹിതം വിലയിരുത്തിയശേഷം 92 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്റർ മാത്രമാണ് മൊത്തം പരിസ്ഥിതി ലോലമെന്നു കണ്ടെത്തി. ഇതു മന്ത്രിസഭ അംഗീകരിച്ചു. തുടർന്ന് ജിഐഎസ് മാപ്പ് ഉൾപ്പെടെയുള്ള രേഖകൾ സഹിതം സംസ്ഥാനത്തിന്റെ കരട് നിർദേശം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചു.
നിർദിഷ്ട വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കാനുള്ള പരിശോധന നടപടികളാണു സംസ്ഥാനം സ്വീകരിച്ചത്. കളക്ടർമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ജില്ലാതല പരിശോധനാ സമിതി രൂപവത്കരിച്ചു. വന അതിർത്തിയിലെ വില്ലേജുകളിലെ സ്ഥലപരിശോധന പൂർത്തിയാക്കി അപാകതകൾ നിർണയിച്ചു.
എല്ലാ രേഖകളും കഴിഞ്ഞ മാർച്ചിൽ പഞ്ചായത്തുകളിലേക്കു കൈമാറി. പഞ്ചായത്തിൽനിന്നുള്ള അഭിപ്രായങ്ങൾകൂടി ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന വ്യവസ്ഥയ്ക്കു വിധേയമായി സംസ്ഥാനത്തിന്റെ പുതുക്കിയ നിർദേശം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചു.
നിലവിലുണ്ടായിരുന്ന വില്ലേജുകളുടെ അതിർത്തി പുനർനിർണയിക്കുകയും ചിലത് വിഭജിക്കുകയും ചെയ്തതിനെത്തുടർന്ന് വില്ലേജുകളുടെ എണ്ണം 92ൽ നിന്ന് 98 ആയി മാറി. ആകെ അളവ് 8656.46 ചതുരശ്ര കിലോമീറ്ററിൽനിന്ന് 8711.98 ചതുരശ്ര കിലോമീറ്റർ ആയി ഉയർന്നു.
ഭൂരേഖകളും പഞ്ചായത്തുകളുടെ അഭിപ്രായങ്ങളും പൂർത്തീകരിക്കുന്നതിന് അനുസരിച്ച് 8711.98 ചതുരശ്ര കിലോമീറ്ററിൽനിന്നു വിസ്തൃതി കുറയാൻ സാധ്യതയുണ്ട്. ഇതിനുള്ള ശ്രമം തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.