സുജിത് ദാസിനെതിരായ പീഡനപരാതി വ്യാജമെന്നു സര്‍ക്കാര്‍ കോടതിയില്‍
Tuesday, October 8, 2024 3:02 AM IST
കൊച്ചി: മലപ്പുറം മുന്‍ എസ്പി എസ്. സുജിത്ദാസ് അടക്കം മൂന്ന് പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ പൊന്നാനിയിലെ വീട്ടമ്മ നല്കിയ പീഡനപരാതി വ്യാജമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്കാനെത്തിയപ്പോള്, ഇപ്പോൾ സസ്പെൻഷനിലുള്ള അന്നത്തെ മലപ്പുറം എസ്പി സുജിത് ദാസ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ കേസെടുത്തില്ലെന്ന് ആരോപിച്ചാണു വീട്ടമ്മ ഹര്‍ജി നല്‍കിയത്.
പരാതിക്ക് യാതൊരടിസ്ഥാനവുമില്ലെന്നാണ് മലപ്പുറം അഡീഷണൽ എസ്പി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പരാതിക്കാരിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണ്. എസ്പി അടക്കമുളളവര്ക്കെതിരേ കേസെടുക്കാനുള്ള തെളിവില്ല. വ്യാജപരാതിയില്‍ കേസെടുത്താല്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരും. സംഭവം നടന്ന സ്ഥലങ്ങള്‍, തീയതി എന്നിവയിലെല്ലാം പരാതിക്കാരിയുടെ മൊഴികള്‍ പരസ്പരവിരുദ്ധമാണ്.
ഉദ്യോഗസ്ഥരുടെ സിഡിആര്‍ അടക്കമുള്ളവ പരിശോധിച്ചിട്ടും കേസെടുക്കാനുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ല. അതിനാല്‍ കേസെടുക്കണമെന്ന പരാതിക്കാരിയുടെ ഹര്‍ജി തള്ളണമെന്നാണു സര്‍ക്കാര്‍ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
എസ്എച്ച്ഒ വിനോദിനെതിരായ പരാതി മുമ്പ് രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് അടിസ്ഥാനരഹിതമാണെന്നു തെളിഞ്ഞതാണ്. പീഡനം നടന്നതായി പറയുന്ന ദിവസം വിനോദ് സ്ഥലത്തുണ്ടായിരുന്നില്ലെന്ന് ഫോണ്‍കോള്‍ രേഖയില്‍നിന്നു വ്യക്തമാണ്. ആദ്യഘട്ടത്തില്‍ ഡിവൈഎസ്പി ബെന്നിക്കെതിരേ യുവതി പരാതി നല്‍കിയിരുന്നില്ല. ഇതു കൂട്ടിച്ചേര്‍ത്തതാണ്.
യുവതിയുടെ ആരോപണം ശരിയല്ലെന്നു വ്യക്തമാക്കുന്നതാണ് സാക്ഷികളായ റഫീഖും മറ്റു പോലീസ് ഉദ്യോഗസ്ഥരും നല്കിയ മൊഴികളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജില്ലാ പോലീസ് ഓഫീസര്‍ക്കടക്കം പരാതി നൽകിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്നാണു ഹര്‍ജിക്കാരിയുടെ ആരോപണം.
മലപ്പുറം എസ്പി, അഡീഷണൽ പോലീസ് സൂപ്രണ്ട്, പൊന്നാനി എസ്എച്ച്ഒ എന്നിവരെ എതിര്‍കക്ഷിയാക്കിയാണു ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.