മകളുടെ വിവാഹദിനം അമ്മ അപകടത്തിൽ മരിച്ചു
Tuesday, October 8, 2024 3:02 AM IST
വാഴൂർ (കോട്ടയം): മകളുടെ വിവാഹദിവസം അമ്മ വാഹനാപകടത്തിൽ മരിച്ചു. എരുമേലി പാണപിലാവ് എംജിഎം ഗവ. എൽപി സ്കൂൾ പ്രധാനാധ്യാപിക എരുമേലി കൊച്ചാനിമൂട്ടിൽ ഷീന ഷംസുദ്ദീൻ (53) ആണു മരിച്ചത്. ദേശീയപാതയിൽ ഇളമ്പള്ളി കവലയിൽ ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ടു ദേശീയപാതയിൽനിന്ന് 30 അടി താഴ്ചയിലുള്ള പള്ളിക്കത്തോട്-നെയ്യാട്ടുശേരി റോഡിലേക്ക് മറിയുകയായിരുന്നു.
ഭർത്താവ് ഷംസുദ്ദീൻ (61), മകൻ നെബിൽ മുഹമ്മദ് ഷാ (26) എന്നിവരെ പരിക്കുകളോടെ ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷംസുദ്ദീനാണ് കാറോടിച്ചിരുന്നത്.
ഞായറാഴ്ച കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിലായിരുന്നു മകൾ നെഫ്ല ഷംസുദ്ദീന്റെയും കോട്ടയം കുടയംപടി ഷെമീനാ മൻസിലിൽ എൻ. ഷെമീമിന്റെയും വിവാഹം.
മകളെ ഭർതൃവീട്ടിലെത്തിച്ചശേഷം അവിടത്തെ വിവാഹസത്കാര ചടങ്ങിൽ പങ്കെടുത്തു തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഷീന സംഭവസ്ഥലത്ത് മരിച്ചു.
വിവാഹത്തിന് ഭക്ഷണം ഒരുക്കിയ കാറ്ററിംഗ് ഉടമയുടെ മകൻ മുഹമ്മദ് യാസിൻ തൊഴിലാളികളെ കോട്ടയത്ത് എത്തിക്കുന്നതിനായി ഈ സമയം ഇതുവഴി വന്നു. അവരുടെ വാഹനത്തിലാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ഷീനയുടെ കബറടക്കം നടത്തി.