അജിത്കുമാറിനെ മാറ്റിയതു ശിക്ഷാനടപടിയായി കാണാനാകില്ല: അന്‍വര്‍
Tuesday, October 8, 2024 2:46 AM IST
നിലമ്പൂര്‍: എഡിജിപി അജിത്കുമാറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ഡിജിപിയുടെ ശിപാര്‍ശ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമ്മര്‍ദം ചെലുത്തിയാണു മാറ്റി നിര്‍ത്തണം എന്നാക്കിയതെന്ന് പി.വി. അൻവർ എംഎൽഎ.
ഇതൊരു ശിക്ഷാനടപടിയായി കാണാനാകില്ല. സാധാരണ പോലീസ് ഉദ്യോഗസ്ഥനെ മാറ്റുന്ന ഓര്‍ഡര്‍ മാത്രമാണ്. ശിക്ഷാനടപടി ആയിരുന്നെങ്കില്‍ ഓര്‍ഡറില്‍ കൃത്യമായ കാരണങ്ങള്‍ രേഖപ്പെടുത്തുമായിരുന്നു-അൻവർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിനെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍നിന്ന് രക്ഷിക്കുന്ന ഒന്നാമത്തെ ഘടകം അജിത്കുമാറാണ്. ബിജെപിയെ സംബന്ധിച്ച് ലാഭകരമായ കച്ചവടമാണിത്. തൃശൂരില്‍ ബിജെപിക്ക് സീറ്റ് നേടിയെടുത്തത് അജിത് കുമാറിലൂടെയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് എല്‍ഡിഎഫില്‍നിന്ന് 2,000 വോട്ടുകള്‍ പോയത് ബിജെപിയിലേക്കാണ്. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ മണ്ഡലത്തിലടക്കം വോട്ട് ചോര്‍ച്ചയുണ്ടാകുന്നുണ്ട്.
2031ലാണ് കേരളത്തില്‍ അധികാരത്തിലെത്തുക എന്ന് ഒരു ബിജെപി നേതാവ് എന്നോട് പറഞ്ഞിരുന്നു. അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണു നടക്കുന്നത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തോ മുപ്പതോ സീറ്റ് ബിജെപിക്ക് പരോക്ഷമായി നല്കി സിപിഎം അവരെ വിജയിപ്പിക്കും. ബിജെപിയുമായി ചേര്‍ന്ന് മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ഭാവിയില്‍ ബിജെപിയുമായി ചേര്‍ന്നുള്ള രാഷ്ട്രീയ കൂട്ടുകെട്ടിലേക്കു പാര്‍ട്ടി പോകുമെന്നതിന്റെ സൂചനയാണെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
ഡിഎംകെ തന്റെ സംഘടനയ്ക്കു പിന്തുണ നല്‍കിയതായി താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍, ഡിഎംകെ പിന്തുണ നല്‍കിയെന്ന് മാധ്യമങ്ങള്‍ പറയുന്നത് നിഷേധിക്കുന്നില്ലെന്നും ല്ലെന്ന് അൻവർ പറഞ്ഞു.