അജിത്കുമാറിനെ മാറ്റിയതു ശിക്ഷാനടപടി തന്നെയെന്ന് വി.എസ്. സുനിൽകുമാർ
Tuesday, October 8, 2024 2:46 AM IST
തൃശൂർ: എഡിജിപി അജിത്കുമാറിനെതിരേയുള്ള നടപടിയെ സ്വാഗതംചെയ്ത് സിപിഐ നേതാവ് വി.എസ്. സുനിൽകുമാർ. സംശയങ്ങൾ ദൂരീകരിക്കാൻ നടപടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അജിത്കുമാറിനെ മാറ്റിയതു ശിക്ഷാനടപടിതന്നെയാണ്. ക്രമസമാധാനചുമതലയുള്ള എഡിജിപിയാണ് ഏറ്റവും ഉയർന്ന തസ്തികയിലിരിക്കുന്ന ആൾ. ആ ചുമതലയിൽനിന്നു താഴെയുള്ള പദവിയിലേക്കു മാറ്റിയതു ശിക്ഷാനടപടിതന്നെയാണ്.
ഇടതുപക്ഷരാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെയാണു നടപടിയെടുത്തത്. എന്തുകൊണ്ടാണു മാറ്റിയതെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തതിന്റെ കാരണംപറയേണ്ടതു സംസ്ഥാനസർക്കാരാണ്.
അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം രാത്രി മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയൽ ഒപ്പിടണമെങ്കിൽ അത്രയും ഗൗരവമുള്ള രാഷ്ട്രീയവിഷയംതന്നെയാണ് അത്. ഏതെങ്കിലും ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ തൃശൂർ പൂരം കലക്കാൻ കഴിയില്ലെന്നും അതിനുപിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും സുനിൽകുമാർ പറഞ്ഞു.